കാലടി: ചെങ്ങൽ തോട്ടിലെ വെള്ളം രാസമാലിന്യമയം ആയതായി പരാതി. ഇതുമൂലം തോട്ടിലെ വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല പരിസര പ്രദേശങ്ങളിലെ ജലസ്രോതസ്സുകളും പുഴയും മലിനമാകുന്നു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ചെങ്ങൽ തോട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 300 പേർ ഒപ്പിട്ട നിവേദനം അങ്കമാലിയിൽ നടന്ന നവകേരള സദസ്സിൽ നൽകി. പരാതി ഡപ്യൂട്ടി കലക്ടർക്കു കൈമാറിയതായി സമിതിക്കു മറുപടി ലഭിച്ചു.
പെരിയാറിന്റെ കൈവഴിയായ കൊറ്റമം തോട്ടിൽ നിന്നു കാലടി വഴി ഒഴുകി ചെങ്ങൽ പ്രദേശത്തു കൂടി പെരിയാറിൽ വന്നു ചേരുന്നതാണ് ഈ തോട്. കാലടി ഭാഗത്ത് ഇത് ഉടുമ്പുഴ തോടെന്നും തുടർന്ന് ചെങ്ങൽ തോടെന്നും അറിയപ്പെടുന്നു. വിവിധ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള രാസമാലിന്യം ഈ തോട്ടിലാണ് വന്നു ചേരുന്നതെന്ന് നിവേദനത്തിൽ പറയുന്നു. അരി മില്ലുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ രാസമാലിന്യം എത്തുന്നത്. 6 അരി മില്ലുകൾ ചെങ്ങൽ തോടിന്റെ കരയിൽ പ്രവർത്തിക്കുന്നു.
നെല്ലിലെ കീടനാശിനി കഴുകിക്കളയുന്ന വെള്ളവും നെല്ല് പുഴുങ്ങുന്ന അതി ദുർഗന്ധമുള്ള വെള്ളവും മണ്ണിനടിയിൽ ഇട്ടിട്ടുള്ള പൈപ്പുകളിലൂടെ ഈ തോട്ടിലാണ് വന്നു ചേരുന്നത്. നെല്ലിലെ കീടങ്ങളെ നശിപ്പിക്കുന്നതിനും നെല്ല് കേടാകാതിരിക്കാനും കർഷകർ സാധാരണ 2 തവണ കീടനാശിനി പ്രയോഗിക്കാറുണ്ട്. നെല്ല് മില്ലിൽ എത്തുമ്പോഴാണ് ഇതു കഴുകിക്കളയുന്നത്.
വിഷാംശമുള്ള ഈ വെള്ളം തോട്ടിലൂടെ ഒഴുകുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. നെല്ല് പുഴുങ്ങിയ വെള്ളം ഒഴുകുന്നതു മൂലം തോടിന്റെ കരയിൽ താമസിക്കുന്നവർക്ക് വലിയ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. കൂടാതെ മില്ലിൽ നിന്നുള്ള ചാരവും തോട്ടിൽ അടിഞ്ഞു കൂടി തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നു.
പല വ്യവസായ സ്ഥാപനങ്ങളിൽ നിന്നു ശുചിമുറി മാലിന്യം പൈപ്പ് വഴി തോട്ടിലൂടെ ഒഴുകുന്നതായി പരാതിയുണ്ട്. മഴക്കാലത്ത് തോട്ടിൽ വെള്ളം ഉയരുമ്പോഴാണ് ഇത് ഒഴുക്കുന്നത്. കൂടാതെ അറവുശാല അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം തോട്ടിൽ കൊണ്ടു തള്ളുന്നു. ഇതെല്ലാം പുഴയിലാണ് വന്നു ചേരുന്നത്. പുഴയിൽ നിന്നാണ് പല സ്ഥലങ്ങളിലേക്കും ശുദ്ധജലം വിതരണം ചെയ്യുന്നത്. തോട്ടിൽ നിന്നുള്ള മലിനജലം പ്രദേശങ്ങളിലെ കിണറുകളിൽ ഉറവയായി എത്തുന്നു. ഈ ഭാഗത്തെ ഭൂരിഭാഗം ആളുകളും കിണർ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. മറ്റൂർ, ചെങ്ങൽ, വട്ടത്തറ, തുറവുങ്കര, പിരാരൂർ, ചെത്തിക്കോട് പ്രദേശത്തുള്ളവരെല്ലാം ഈ മാലിന്യ പ്രശ്നം നേരിടുന്നു.
ചെങ്ങൽ തോട്ടിൽ മാലിന്യത്തിന്റെ അതിപ്രസരമുണ്ടെന്നും ഇതുമൂലം പരിസര പ്രദേശത്തുള്ളവർ കാൻസറും പകർച്ച വ്യാധികളും ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും 8 വർഷം മുൻപ് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഗവേഷണ വിദ്യാർഥികൾ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു.
സർവേ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. കാലടി, കാഞ്ഞൂർ പഞ്ചായത്തുകൾക്കും മലിനീകരണ നിയന്ത്രണ ഉദ്യോഗസ്ഥർക്കും സർക്കാർ വകുപ്പുകൾക്കും മന്ത്രിമാർക്കും നാട്ടുകാർ പല തവണ നിവേദനം കൊടുത്തെങ്കിലും ഒരനക്കവും ഉണ്ടായില്ല. ഇതേ തുടർന്നാണ് സമിതി നവ കേരള സദസ്സിൽ പരാതി നൽകിയത്.