കാലടി : പെരുമ്പാവൂർ, അങ്കമാലി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പെരിയറിന് കുറുകെയുള്ള നിലവിലുള്ള ശ്രീ ശങ്കര പാലത്തിന്റെ അറ്റകുറ്റപണികൾക്ക് 1 കോടി 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി പെരുമ്പാവൂർ എം . എൽ എ എൽദോസ് കുന്നപ്പിള്ളിയും, അങ്കമാലി എംഎൽഎ റോജി എം ജോണും അറിയിച്ചു. എസ്റ്റിമേറ്റ് അംഗീകരിച്ച് ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കും.
പാലത്തിന്റെ നിലവിലെ സ്ഥിതി, ഭാരം വഹിക്കുന്നതിനുള്ള ശേഷി, കോൺക്രീറ്റിന്റെ ബലം തുടങ്ങിയവ സംബന്ധിച്ച് കാര്യങ്ങൾ പഠിക്കാനായി വിദഗ്ധസംഘം സന്ദർശനം നടത്തിയതിനെ തുടർന്ന് നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് തുക അനുവദിച്ചതെന്ന് എംഎൽഎമാർ അറിയിച്ചു.
പാലത്തിന്റെ മുകൾഭാഗത്തെ പ്രതലത്തിന്റെ കനം കുറയ്ക്കുന്നതിനു നിലവിലുള്ള ടാറിങ് പൂർണമായി ഇളക്കിമാറ്റും. അതിന് ശേഷം ഉന്നത നിലവാരത്തിൽ ടാർ ചെയ്യും. കൂടാതെ ബേറിങ് സംവിധാനത്തിലെ തകരാറുകൾ പരിഹരിക്കുവാൻ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും, സമയബന്ധിതമായി അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
സമാന്തര പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ തന്നെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. പാലത്തിൽ പ്രവർത്തികൾ നടക്കുന്ന ദിവസങ്ങളിൽ വാഹനങ്ങൾ തിരിച്ചുവിടാനുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ ഇതിനോടകം പൂർത്തിയാക്കുവാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എൽദോസ് കുന്നപ്പിള്ളിയും, റോജി എം ജോണും അറിയിച്ചു.