പത്തനംതിട്ട : പതിനാല് വയസുകാരനെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവ്. ചെങ്ങന്നൂർ ആലാ സ്വദേശിയും ഇലവുംതിട്ടയിലെ വ്യാപാര സ്ഥാപന ഉടമയുമായ കല്ലൻ മോടി സൂരജ് ഭവൻ വീട്ടിൽ ഏബ്രഹാം തോമസ് മകൻ തോമസിനെ (67)യാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി 30 വർഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴ നൽകാനും വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 2 വർഷ അധിക കഠിന തടവും ശിക്ഷ വിധിച്ചു. പോക്സോ ആക്ട് 5, 6,9, 10 എന്നീ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 വകുപ്പു പ്രകാരം ജഡ്ജി എ. സമീർ ആണ് ശിക്ഷ വിധിച്ചത്.
2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളില്ലാത്ത ദമ്പതികൾ ദത്തെടുത്ത ആൺകുട്ടിയെ ആണ് പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കഞ്ചാവും മദ്യവും മറ്റ് ലഹരി വസ്തുക്കളും നൽകി പ്രതി ആൺകുട്ടിയെ വശത്താക്കി. തോമസിന് ഇരയുടെ വളർത്തച്ഛനോട് വിരോധമുണ്ടായിരുന്നു. കുട്ടിയെ ഉപയോഗിച്ച് വളർത്തച്ഛനെും തനിക്ക് ഇഷ്ടമില്ലാത്ത പ്രദേശവാസികൾക്കെതിരെയും ദ്രോഹ പ്രവൃത്തികൾ ചെയ്യിപ്പിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. പിന്നീട് കുട്ടിയെ ലഹരി വസ്തുക്കളിൽ അടിമയാക്കി ലൈംഗിക ഉപയോഗങ്ങൾക്ക് ഇരയാക്കുകയായിരുന്നു.
കുട്ടിയിൽ സ്വഭാവ വൈകൃതങ്ങൾ കണ്ട് നിരന്തരമായി നടത്തിയ കൗൺസിലിംഗിലാണ് ലൈംഗിക പീഡനമടക്കമുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്. തുടർന്ന് ഇലവുംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. കേസിൽ, കുട്ടികളെ ലഹരിക്കടിമകളാക്കി ലൈംഗിക ഉപയോഗം നടത്തുന്ന കുറ്റകൃത്യം അങ്ങേയറ്റം ഗൗരവതരമായി കാണണമെന്നും ഒരു തലമുറയെ തന്നെ വഴി തെറ്റിക്കുന്ന ഇത്തരം കുറ്റവാളികളുടെ ശിക്ഷ സമൂഹത്തിന് വ്യക്തമായ സന്ദേശം നൽകണമെന്നുമുള്ള വാദം കോടതി അംഗീകരിച്ചു.
ദത്തെടുത്ത മാതാപിതാക്കളുടെ മനോഗതിയും ഇരയായ കട്ടിയുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്തുമാണ് കേസി പ്രതിക്ക് 30 വർഷം കഠിന തടവിന് കോടതി വിധിച്ചത്. പിഴ തുക ഇരയായ കുട്ടിക്ക് ഈടാക്കി നൽകണമെന്നും വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. പൊലീസ് ഇൻസ്പെക്ടർമാരായ വിനോദ് കൃഷ്ണൻ എം.കെ സുരേഷ് എന്നിവരാണ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.