മുനമ്പം: മത്സ്യത്തൊഴിലാളി ബോട്ടിൽ നിന്ന് കാൽ വഴുതി വെള്ളത്തിൽ വീണു മരിച്ചെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ഉത്തർ ഗോവിന്ദ്പൂർ സ്വദേശി രാം പ്രസാദ് ദാസ് (54 ), കൈലാസ് നഗർ കാക്ക് ദ്വീപ് സ്വദേശി പനു ദാസ് (41), എന്നിവരെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീനവദുർഗ ബോട്ടിലെ ജോലിക്കാരനായ വെസ്റ്റ് ബംഗാൾ സ്വദേശി അല്ല (30) യെ 28 ന് വൈകീട്ട് 6 മണിയോടെ ബോട്ടിൽ നിന്നിറങ്ങുമ്പോൾ കാലുതെറ്റി വെള്ളത്തിൽ വീണ് കാണാതായി എന്ന പരാതിയാണ് മുനമ്പം പോലീസിൽ ലഭിച്ചത്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശത്തെ തുടർന്ന് ഇൻസ്പെക്ടർ എം.വിശ്വംഭരന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം തുടങ്ങി. 29 ന് പകൽ ഒമ്പതരയോടെ മുനമ്പം മെയിൻ ഹാർബർ പരിസരത്തുള്ള കായലിൽ മൃതദേഹം കാണപ്പെട്ടു. തുടർന്ന് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മരണം സംശയാസ്പദമാണെന്ന് കണ്ടെത്തുകയും അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു. 28 ന് മുനമ്പം മെയിൻ ഹാർബറിൽ മത്സ്യം ഇറക്കിയ ശേഷം ബാറ്റാപ്പണം നൽകിയതുമായി ബന്ധപ്പെട്ട് അല്ലുവും പ്രതികളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അല്ലയെ മർദ്ദിച്ച് കായലിലേക്ക് തള്ളിയിടുകയായിരുന്നു.
ഇൻസ്പെക്ടർ എം.വിശ്വംഭരൻ, എസ്.ഐമാരായ എം.അനീഷ്, ടി .കെ.രാജീവ്, എ.എസ്.ഐമാരായ എം.വി.രശ്മി, വി.എസ്.സുനീഷ് ലാൽ സീനിയർ സി.പി.ഒ കെ.ആർസുധീശൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.