ആലുവ: ക്യാൻസറിന്റെ മാരക വേദനയിൽ നിന്നും ആ ഒമ്പതു വയസ്സുകാരി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. രോഗക്കിടക്കയിലെ കഠിനമായ വേദനകൾക്കിടയിലും പാട്ടും കഥകളും എഴുതി വിസ്മയമായി മാറിയ ഇസിൻ ജോബിൻസാണ് ഈ ലോകത്തോട് വിടപറഞ്ഞത്. പഠിച്ച് പഠിച്ച് വലുതാകുമ്പോൾ കളക്ടറാകണമെന്ന മോഹം ബാക്കി വച്ചാണ് ഇസിൻ ഉറ്റവരെ വിട്ടകന്നത്. കീഴ്മാട് സ്‌കൂൾ ഫോർ ദി ബ്ലൈൻഡിൽ 5ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഇസിൻ.
മൂന്നാമത്തെ വയസ്സിലാണ് ഇസിന്റെ ജീവിതത്തിൽ ക്യാൻസറിന്റെ കരിനിഴൽ വീഴുന്നത്. ആ ചെറു പ്രായത്തിൽ ബാധിച്ച ട്യൂമർ ആണ് ഇസിന്റെ ഇരു കണ്ണുകളുടെയും കാഴ്ച കവർന്നത്. എങ്കിലും തോറ്റുകൊടുക്കാൻ അവൾ തയാറല്ലായിരുന്നു. കാഴ്ചയില്ലാത്ത ലോകത്തും അവൾ സന്തോഷം കണ്ടെത്തിയെങ്കിലും പക്ഷെ ഇസിനെ വിട്ടകലാൻ കാൻസറും മടിച്ചു.
നാലാം ക്ലാസിൽ വച്ചു പിടിപെട്ട ബോൺ കാൻസർ അവളെ വീണ്ടും രോഗശയ്യയിലാക്കി. കടുത്ത വേദനയിൽ തളരുമ്പോഴും ഓഡിയോ പുസ്തകങ്ങൾ കേട്ടും വായിച്ചും ഭാവനകൾ കടലാസിലേക്കു പകർത്തിയും അവൾ സഹപാഠികൾക്കു പ്രചോദനമായി. വലുതാകുമ്പോൾ കലക്ടർ ആകണമെന്ന ആഗ്രഹത്തോടെ നന്നായി പഠിച്ചു. ഇതിനിടെ കലക്ടറെ നേരിട്ടു കാണണമെന്ന ആഗ്രഹം ജനിച്ചു. സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ജിജി വർഗീസ് ഇക്കാര്യം കലക്ടർ എൻ.എസ്.കെ. ഉമേഷിനെ അറിയിച്ചു. അദ്ദേഹം ഉടൻ അസി. കലക്ടർ നിഷാന്ത് സിഹാരയെ ഇസിന്റെ അരികിലേക്ക് അയച്ചു. കഴിഞ്ഞ വൈറ്റ് കെയ്ൻ ദിനത്തിൽ അസി.കലക്ടർ ഇസിന്റെ കീഴ്മാടിലെ വാടകവീട്ടിലെത്തി അവൾക്കു കൈനിറയെ സമ്മാനങ്ങൾ നൽകി മടങ്ങി.
ഇടുക്കി നെടുങ്കണ്ടം ചെത്തിമറ്റത്തിൽ ജോബിൻസ് തോമസിന്റെയും റോഷ്‌നയുടെയും മൂത്ത മകളാണ് ഇസിൻ. ഒരു സഹോദരിയുണ്ട്: ഹെൽഗ ജോബിൻസ്. ഇസിന്റെ പഠനത്തിനു വേണ്ടിയാണ് ജോബിൻസ് ഇടുക്കിയിൽ നിന്നു കീഴ്മാടിലേക്കു താമസം മാറ്റിയത്. സംസ്‌കാരം ഇന്നു 3നു കീഴ്മാട് പെരിയാർമുഖം സെന്റ് ആൻഡ്രൂസ് പള്ളിയിൽ നടക്കും.