കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്റെ അംഗീകാരം. ലീപ് (ലോക്കല്‍ എന്‍റര്‍പ്രണര്‍ഷിപ്പ് അഡ്വാന്‍സ്മെന്‍റ് പ്രോഗ്രാം) പദവിയാണ് ആദിശങ്കരയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതിലൂടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ ലീപ് സെന്‍ററായി ആദിശങ്കര മാറും. വിദ്യാര്‍ത്ഥികളുടേയും, സാധാരണക്കാരുടെയും ആശയങ്ങള്‍ക്ക് ആദിശങ്കരയിലെ ടെക്നോളജി ബിസിനസ് ഇന്‍ക്യൂബേറ്ററില്‍ പരിശീലനവും, വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കി മികച്ച ബിസിനസ് സംരഭകരാക്കി മാറ്റും. കേരളത്തിലെ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്ര ഹബ്ബായി ആദിശങ്കര പ്രവര്‍ത്തിക്കും.
കേരളത്തിലെ 3 എന്‍ജിനീയറിങ്ങ് കോളേജുകള്‍ക്കാണ് ലീപ് പദവി ലഭിച്ചിട്ടൊളളു. അതില്‍ ഒന്നാണ് ആദിശങ്കര. എറണാകുളം ജില്ലയിലെ ലീപ് പദവിയുളള ഏക എൻജിനിയറിങ് കോളേജാണ് ആദിശങ്കര. കോവിഡ് കാലത്ത് ചിലവ് കുറഞ്ഞ വെന്‍റിലേറ്റര്‍ അടക്കം നിരവധി ജനോപകാരപ്രദമായ കണ്ടുപിടുത്തങ്ങള്‍ ആദിശങ്കര നടത്തിയിരുന്നു. അതെല്ലാം സര്‍ക്കാരിലേക്ക് കൈമാറുകയും ചെയ്തിരുന്നു. അത്തരം പ്രവര്‍ത്തനങ്ങളും ലീപ് പദവി ലഭിക്കാന്‍ ആദിശങ്കരയ്ക്ക് സഹായകരമായി. 12 ഓളം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ആദിശങ്കരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം തന്നെ കാമ്പസില്‍ നിന്ന് 30-ലധികം ഉല്‍പ്പന്നങ്ങള്‍ വാണിജ്യവല്‍ക്കരിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച ടിബിഐ ആണ് ആദിശങ്കരയിലേത്.
തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്‍റെ സാനിധ്യത്തില്‍ ഇലക്ട്രോണിക്സ് ആന്‍റ് ഐടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ ഐഎഎസില്‍ നിന്നും ആദിശങ്കര ടിബിഐ ഇന്‍ക്യുബേഷന്‍ മാനേജന്‍ പ്രെഫ. അജയ് ബേസില്‍ വര്‍ഗീസും, ആദിശങ്കര ഐഇഡിസി നോഡല്‍ ഓഫീസര്‍ പ്രെഫ. എല്‍ദോസ് സിമും ചേര്‍ന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വൈസ്ചാന്‍സിലര്‍ ഡോ: സജി ഗോപിനാഥ്, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനുപ് അംബിക തുടങ്ങിയര്‍ പങ്കെടുത്തു.