അങ്കമാലി: പി.ടി പോളിന്റെ മരണകാരണം ഹൃദയാഘാതം. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം ഹൃദയാഘാതമെന്ന് മനസിലായത്. ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി കുടുംബാംഗങ്ങൾക്ക് അറിയില്ലായിരുന്നു. എന്നാൽ മൂന്ന് തവണ സൈലന്റ് അറ്റാക്ക് ഉണ്ടായെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദ്ദവും ഉള്ളത് വീട്ടുകാർ സ്ഥിരീകരിച്ചു.
ആലുവയിൽ ഹോട്ടൽ മുറിയിൽ ഇന്നലെയാണ് കോൺഗ്രസ് നേതാവ് പി.ടി. പോളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30നു ഹോട്ടലിൽ മുറിയെടുത്ത അദ്ദേഹത്തെ കാണാൻ 3.15ന് അങ്കമാലിയിൽ നിന്ന് ഒരാൾ എത്തിയിരുന്നു. പോൾ മുറിയിൽ ചലനമറ്റു കിടക്കുന്നതു കണ്ട സന്ദർശകൻ സ്വന്തം വാഹനത്തിൽ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
തന്നെ കാണാൻ ഒരാൾ വരുമെന്നും അകത്തേക്കു വിടണമെന്നും റിസപ്ഷനിൽ പറഞ്ഞേൽപിച്ചാണു പോൾ മുറിയിലേക്കു പോയത്. മുറിയുടെ വാതിൽ അകത്തുനിന്നു പൂട്ടിയിരുന്നില്ല. അങ്കമാലിയിൽനിന്നു ഡ്രൈവർക്കൊപ്പം സ്വന്തം കാറിൽ ആലുവയിൽ എത്തിയ പോൾ എംജി ടൗൺ ഹാളിനു സമീപം ഇറങ്ങി കാർ പറഞ്ഞുവിട്ടു. തനിക്കു പോകാൻ മറ്റൊരു വാഹനം വരുമെന്നാണു ഡ്രൈവറോടു പറഞ്ഞതെന്നു പൊലീസ് പറഞ്ഞു.
ടൗൺ ഹാളിനു തൊട്ടടുത്തുള്ള ഹോട്ടലിലാണു മുറിയെടുത്തത്. മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ബാഗും മൊബൈൽ ഫോണും കണ്ടെടുത്തു. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ് പി.ടി. പോൾ. സംസ്‌ക്കാരം ഞായറാഴ്ച വൈകീട്ട് 4 ന് അങ്കമാലി ബസലിക്ക പള്ളിയിൽ നടക്കും.മൃതദേഹം ഞായറാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരും.