കാലടി : പത്താം പിറന്നാൾ മധുരിക്കുന്ന ഓർമ്മ മരമാക്കി ശ്രീയ മനോജ്. ചെങ്ങൽ വനിതാ വായനശാലയുടെ പദ്ധതിയായ നാടിനൊരു പച്ചപ്പിന്റെ ഭാഗമായി മൂവാണ്ടൻ മാവുനട്ടാണ് ഈ കൊല്ലത്തെ പിറന്നാൾ ശ്രിയ വ്യത്യസ്തമാക്കിയത്. വായനശാല എക്‌സിക്യൂട്ടീവ് അംഗം സൗമ്യ മനോജിന്റെ മകളാണ്ശ്രിയ.പദ്ധതിയുടെ ആരംഭത്തിൽ തന്നെ സെപ്റ്റംബർ മാസത്തിലെ ജന്മദിനം നാട്ടിലേക്ക് ഒരു മരം കൊടുത്തു തന്നെ ആഘോഷിക്കണമെന്ന് ആവശ്യം അറിയിച്ചിരുന്നു. പദ്ധതിയുടെ നാലാം ഘട്ടത്തിലാണ് ശ്രിയ പങ്കാളിയായത്.
ചെമ്പകവും, ഞാവലും, ശർക്കര മാവും ഇതിനോടകം നാടിന് ഒരു പച്ചപ്പിന്റെ ഭാഗമായി നാട്ടിൽ വേര് പിടിച്ചു കഴിഞ്ഞു. വീട്ടകങ്ങളിലെ ഓർമ്മകൾ നാട്ടിലെ മധുരമുള്ള മരമാകട്ടെ എന്നതാണ് നാടിന് ഒരു പച്ചപ്പു കൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നടുന്ന മരങ്ങൾ ബാലവേദി കുട്ടികൾ പരിചരിക്കും. വരും തലമുറയ്ക്ക് പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്നു കൊടുക്കുക എന്ന ഒരു ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. ബാലവേദി കുട്ടികൾ ആശംസകൾ അറിയിച്ചും മധുരംവിതരണം ചെയ്തുീ ശ്രിയയുടെ ജന്മദിനം ആഘോഷമാക്കി.
വനിതാ വായനശാല സെക്രട്ടറി ഉഷ കൃഷ്ണൻ അധ്യക്ഷയായി. തുടർന്ന് അശ്വതിബിജു പുസ്തക പരിചയം നടത്തി. റസ്‌കിൻ ബോണ്ടിന്റെ ദി ബ്ലൂ അംബ്രല്ല എന്ന ചെറുകഥ ബാലവേദി കുട്ടികൾക്ക് മലയാളഭാഷയിൽ ആസ്വാദ്യകരമായി പരിചയപ്പെടുത്തി. വനിതാ വായനശാല അംഗവും ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർത്ഥിനിയും ആണ് അശ്വതി ബിജു. വാർഡ് മെമ്പർ ജയശ്രീ ടീച്ചർ ഹസീന, മുഹമ്മദ് ഷാ, ബിജി ബാബു, ഓമന സുധാകരൻ, അഞ്ജന തങ്കപ്പൻ, ഷെമി, നസ്രിൻ, ആൻസി ജിജോ, സജിത ലാൽ ബാലവേദി പ്രസിഡന്റ് റിസ്വാൻ, ഗോഡ്വിൻ ബോസ് എന്നിവർ സംസാരിച്ചു.