കാലടി : റവന്യൂ വകുപ്പിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആറ് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കലൂർ പുന്നയ്ക്കൽ വീട്ടിൽ ഗോപി.ജി.മേനോൻ (55) ആണ് കാലടി പോലീസിന്‍റെ പിടിയിൽ ആയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വടക്കാഞ്ചേരി സ്വദേശി ഉഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശ്രീമൂലനഗരം സ്വദേശിയാണ് തട്ടിപ്പിനിരയായത്.
എംപ്ലോയ്മെൻറ് എക്സേഞ്ച് വഴി റവന്യൂ വകുപ്പിൽ ജോലി ശരിയാക്കി കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. അഞ്ച് ഗഡുക്കളായിട്ടാണ് പണം കൈപ്പറ്റിയത്. കാലടിയിൽ വച്ച് വ്യാജ ജോബ് ഓഫർ ലെറ്റർ കൈമാറിയ ശേഷമാണ് അഞ്ചാംഗഡുവായ രണ്ട് ലക്ഷം രൂപ കൈപറ്റിയത്.
ഇൻസ്പെക്ടർ എൻ.എ.അനൂപ്, എസ്.ഐ ജയിംസ് മാത്യൂ, എസ്.സി.പി.ഒ മാരായ എം.പി.ജിൻസൻ, ഷൈജു അഗസ്റ്റിൻ, എം.ബി.ജയന്തി എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.