കൊച്ചി: കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തി. കടമക്കുടി മാടശ്ശേരി നിജോ(39) ഭാര്യ ശില്‍പ(29) മക്കളായ ഏയ്ബല്‍(ഏഴ്) ആരോണ്‍(അഞ്ച്) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് കൂട്ടആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
നിര്‍മാണത്തൊഴിലാളിയും ആര്‍ട്ടിസ്റ്റുമാണ് നിജോ. കടമക്കുടിയിലെ വീടിന്റെ മുകള്‍നിലയിലാണ് നിജോയും ഭാര്യയും രണ്ടുമക്കളും താമസിക്കുന്നത്. വീടിന്റെ താഴത്തെനിലയില്‍ നിജോയുടെ അമ്മയും സഹോദരനും ഇവരുടെ കുടുംബവും താമസിക്കുന്നു.
ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാനായി സഹപ്രവര്‍ത്തകന്‍ നിജോയെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. നിജോയുടെ രണ്ട് മൊബൈല്‍നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. ഇതോടെ സഹപ്രവര്‍ത്തകന്‍ വീട്ടിലെത്തി അമ്മയോട് കാര്യംതിരക്കി. തുടര്‍ന്ന് അമ്മ ആനിയും സഹോദരനും മുകള്‍നിലയില്‍ പോയിനോക്കിയപ്പോളാണ് ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടതെന്നാണ് സഹപ്രവര്‍ത്തകന്‍ പറഞ്ഞത്.
നിജോയും ഭാര്യ ശില്‍പയും തൂങ്ങിമരിച്ചനിലയിലായിരുന്നു. മക്കളായ ഏയ്ബലിന്റെയും ആരോണിന്റെയും മൃതദേഹങ്ങള്‍ മുറിയിലെ കട്ടിലില്‍ കിടക്കുന്നനിലയിലായിരുന്നു. മക്കള്‍ക്ക് വിഷംനല്‍കിയശേഷം ദമ്പതിമാര്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ വിസിറ്റിങ് വിസയില്‍ വിദേശത്തേക്ക് പോയിരുന്ന ശില്‍പ ഒരുമാസം മുന്‍പാണ് തിരികെയെത്തിയത്. വീണ്ടും വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നിജോ എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഏയ്ബലും ആരോണും വരാപ്പുഴ ഇസബെല്ല സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. മൃതദേഹങ്ങള്‍ മേല്‍നടപടികള്‍ക്കായി പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.