ഇടുക്കി: റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ഇടുക്കി തൊടുപുഴ മുതലക്കോടത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. കലുങ്ക് നിര്‍മിക്കാന്‍ റോഡരികില്‍ എടുത്ത കുഴിയില്‍ വീണാണ് അപകടമുണ്ടായത്.ഒരു മാസമായി കുഴി മൂടാതെ ഇട്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുഴി മൂടണമെന്ന് ഏറെ നാളായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവികൊണ്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മറ്റന്നാൾ വിദേശത്തേക്ക് പോകാനിരിക്കെയാണ് ജെയ്സ് ബെന്നി അപകടത്തിൽ മരിച്ചത്.
അപകടം നടന്ന ഉടനെ ജെയ്സിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാസങ്ങൾക്ക് മുൻപു കലുങ്ക് നിർമാണത്തിനായി റോഡരികിൽ വലിയ കുഴി എടുത്തിരുന്നു. എന്നാൽ നിർമാണം പൂർത്തിയാക്കുകയോ കുഴി കൃത്യമായി മൂടുകയോ ചെയ്യാതെ അധികൃതർ ഇത് അപകടകരമായ രീതിയിൽ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. പലതവണ നാട്ടുകാർ ഈ കുഴി മൂടണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ ഇതിന് നേരെ മുഖം തിരിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.



