കാലടി: കാലടി ശ്രീ ശാരദ സൈനിക് സ്‌കൂളിൽ കുട്ടികളുടെ സാഹിത്യോത്സവം എഴുത്തു മേശയ്ക്ക് തുടക്കമായി. 25 വരെ വിവിധ പരിപാടികളോടെയാണ് സാഹിത്യോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. സ്‌കൂളിലെ അത്തി മരത്തിൽ ഒരുക്കിയ കവിത മരം മഴയ്ക്ക് സമർപ്പിച്ച് കവി ഗിരീഷ് പുലിയൂർ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു. അത്തിമരത്തിൽ കുട്ടികൾ എഴുതിയ കവിതകളും കഥകളും ചെറിയ ലേഖനങ്ങളും മരച്ചില്ലകളിൽ തൂക്കിയാണ് കവിത മരം ഒരുക്കിയത്. മരച്ചുവട്ടിൽ നിന്ന് കുട്ടികൾക്കൊപ്പം കവിതകൾ പാടിയും കഥകൾ പറഞ്ഞും ഗിരീഷ് പുലിയൂർ കവിത മരം മഴയ്ക്ക് സമർപ്പിച്ചു. തുടർന്ന് ഓഡിറ്റോറിയത്തിൽ ഗിരീഷ് പുലിയൂർ കുട്ടികൾക്ക് വിവിധ സാഹിത്യകൃതികൾ പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഡോ. ദീപ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ മഞ്ജുഷ വിശ്വനാഥ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഉണ്ണി അമ്മയമ്പലം എന്നിവർ സംസാരിച്ചു. സമാപനദിവസം കുട്ടികൾ രചിച്ച കൂട്ട് എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.



