കാലടി: ഉദ്യോഗസ്ഥകളായ ഷിംന ടീച്ചർക്കും എലിസബത് ജാൻസിക്കും ഇത് വലിയൊരു സ്വപ്നത്തിന്റെ പുർത്തീകരണം. തൃശ്ശൂർ ചെമ്പുച്ചിറ സർക്കാർ എച്ച്. എസ്. എസ്. അദ്ധ്യാപിക എ. എസ്. ഷിംനയും പെരുമ്പാവൂർ റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ ലിമിറ്റഡ് മാനേജർ എലിസബത് ജാൻസിയും 9 വർഷത്തെ നിരന്തരമായ നൃത്തപഠത്തിനു ശേഷം 2 മണിക്കൂർ നീണ്ടു നിന്ന സോളോ ഡ്യൂവറ്റ് നൃത്തപരിപാടി അവതരിപ്പിച്ച് ഉദ്യോഗസ്ഥകൾക്കും വീട്ടമ്മമാർക്കും മാതൃകയായിരിക്കുകയാണ്. മികച്ച നർത്തകിമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാലടിയിൽ നടന്ന ടാപ് ഡാൻസ് ഫെസ്റ്റിവലിലാണ് ഇവർ നൃത്തം അവതരിപ്പിച്ചത്. ഷിംന വയനാട് സ്വദേശിനിയും എലിസബത് ഫോർട്ട് കൊച്ചി സ്വദേശിനിയുമാണ്. തങ്ങളുടെ ജോലിതിരക്കിനടയിലും ഗുരു സുധാ പീതാംബരന്റെ കീഴിൽ പരിശീലനത്തിന് സമയം കണ്ടെത്തിയാണ് ഇവർ മാതൃകയായത്.
കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ നടന്ന നാട്യ സമർപ്പണത്തിലാണ് ഇവർക്ക് നൃത്തരംഗത്തു ഉയരനുള്ള സാദ്ധ്യത നാട്യഗുരു ഡോ. സി.പി. ഉണ്ണികൃഷ്ണൻ കണ്ടെത്തിയത്. തുടർന്നാണ് ഇവർക്ക് കൂടുതൽ പരിശീലനം നൽകിയത്. നർത്തകി സുധാ പീതാംബരനെക്കൂടാതെ യുവ നർത്തകിമാരായ വി. ആർ. അക്ഷര, അനില ജോഷി, എൻ എസ് പ്രതിഭ എന്നിവർ കഴിഞ്ഞ മൂന്നു മാസമായി ഇവർക്ക് തീവ്ര പരിശീലനം നൽകിയിട്ടുണ്ട് നിരവധി തവണ അവതരണം നടത്തിയ ശേഷം, ആദ്യമായാണ് ഇവർ സോളോ പരിപാടി നടത്തിയത്. നൃത്തം ജീവിത ശൈലിയാക്കിയ ഇവർക്ക് ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസും ശ്രീ ശങ്കര നാട്യസഭയും ചേർന്നാണ് വേദി ഒരുക്കിയത്. കച്ചേരി സമ്പ്രദായത്തിൽ, ഭരതനാട്യത്തിലെ അലാരിപ്പ്, ജതിസ്വരം, കീർത്തനം, വർണ്ണം, പദം, തില്ലാന എന്നിവയാണ് അവതരിപ്പിച്ചത്. ഇതോടെ 2 ദിവസം നീണ്ടുനിന്ന ടാപ് ഫെസ്റ്റിവലിനു സമാപനമായി