ചായയിഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. രാവിലെത്തെ ചായയോടൊപ്പമാണ് നമ്മളില്‍ ഭൂരിഭാഗം പേരും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ. ഉറക്കക്ഷീണത്തില്‍ നിന്നുന്മേഷം പകരാനാണ് പലരും രാവിലെ ചായ പതിവാക്കുന്നത്. കട്ടന്‍ ചായ, മസാല ചായ, പാല്‍ച്ചായ തുടങ്ങി വ്യത്യസ്തങ്ങളായ ചായകള്‍ നമ്മള്‍ കുടിക്കാറുണ്ട്.
ചായ ഒഴിക്കാനായി ഒരു കപ്പ്, സോസര്‍, ടീപോട്ട് എന്നിവയും നമ്മുടെ ടേബിളുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ആ ടീപോട്ട് കുറച്ച് വിലപിടിപ്പുള്ളതായാലോ എന്നു ചിന്തിച്ചിട്ടുണ്ടോ. 2016 മുതല്‍ ലോകത്തിലെ ഏറ്റവും വിലക്കൂറിയ ടീ പോട്ടെന്ന ഗിന്നസ് റെക്കോഡ് നേടിയ ടീപോട്ടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 2016 സെപ്റ്റംബര്‍ ആറിനാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഏറ്റവും മൂല്യമുള്ള ടീപ്പോട്ടായി ഇത് തിരഞ്ഞെടുക്കപ്പെടുന്നത്.
ദ ഈഗോയിസ്‌ററ് എന്നാണ് ഈ ഈ ചായപാത്രത്തിന് നല്‍കിയിരിക്കുന്ന പേര്. യു.കെ ആസ്ഥാനമായ എന്‍.സേറ്റിയ ഫൗണ്ടേഷനാണ് ഇത് കമ്മീഷന്‍ ചെയ്തിരിക്കുന്നത്. കൂടാതെ ലണ്ടനിലെ ന്യൂബി ടി ആണ് ഇത് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. മൂന്നു മില്യണ്‍ യു.എസ്.ഡോളറാണ് ഇതിന്റെ മൂല്യം.ഏകദേശം 24.84 കോടി ഇന്ത്യന്‍ രൂപ. ഇറ്റാലിയന്‍ ഡിസൈനറായ ഫുള്‍വിയോ സ്‌കാവിയയാണ് ഇതിന്റെ രൂപകത്പന നിര്‍വ്വഹിച്ചിരിക്കുന്നത്.
1658 വജ്രങ്ങള്‍ ഇതില്‍ പതിപ്പിച്ചുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ആനക്കൊമ്പില്‍ തീര്‍ത്ത പിടിയാണ് അതിനുള്ളത്. തായ്‌ലന്‍ഡില്‍ നിന്നും ബര്‍മ്മയില്‍ നിന്നും കൊണ്ടുപോയ 386 രത്‌നങ്ങളും അതിന്റെ മൂടിയില്‍ പതിപ്പിച്ചിട്ടുണ്ട്.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം, ടീപ്പോട്ടിന് ചരിത്രപരവും സാമ്പത്തികവുമായ പ്രാധാന്യമുണ്ട്. ലണ്ടനില്‍ വിദ്യാഭ്യാസം, ആത്മീയ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ഗവേഷണം എന്നിവ നടത്തുന്ന ജീവകാരുണ്യ സ്ഥാപനമായ എന്‍ സേറ്റിയ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ടീപോട്ട്.