തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാവർക്കും ഇത്തണവ ഓണക്കിറ്റ് ലഭിക്കില്ലെങ്കിലും മന്ത്രിമാർക്കും എംഎൽഎമാരും അടക്കമുള്ളവർക്ക് ഇക്കുറി ഓണക്കിറ്റ് ലഭിക്കും. മന്ത്രിമാർ ഉൾപ്പെടെ എല്ലാ നിയമസഭാംഗങ്ങൾക്കും എംപിമാർക്കും ചീഫ് സെക്രട്ടറിക്കും സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റ് നൽകും.
12 ഇനം ‘ശബരി’ ബ്രാൻഡ് സാധനങ്ങളടങ്ങിയ കിറ്റ് ഓഫിസിലോ താമസസ്ഥലത്തോ എത്തിച്ചുനൽകും. പ്രത്യേകം ഡിസൈൻ ചെയ്ത ബോക്‌സിൽ ഭക്ഷ്യപൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവുമുണ്ട്. വിതരണം ഇന്നു പൂർത്തിയായേക്കും. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇറച്ചി മസാല, ചിക്കൻ മസാല, സാമ്പാർപ്പൊടി,രസം പൊടി, കടുക്, ജീരകം എന്നിവ 100 ഗ്രാം വീതവും ആട്ട ഒരു കിലോ, വെളിച്ചെണ്ണ ഒരു ലീറ്റർ, തേയില 250 ഗ്രാം എന്നിവയുമാണു കിറ്റിലുള്ളത്.
സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കു മാത്രമായി ഇത്തവണ ഓണക്കിറ്റ് പരിമിതപ്പെടുത്തിയിരുന്നു. അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലുമടക്കം കഴിയുന്ന പാവപ്പെട്ടവർക്കും ഓണക്കിറ്റ് നൽകുന്നുണ്ട്. ഇപ്രാവശ്യം എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.
കൊവിഡിന്റെ സമയത്ത് നൽകിയത് പോലെ ഓണക്കിറ്റ് ഇത്തവണ നൽകാനാകില്ലെന്നും കോവിഡ് സമയത്തെ സാഹചര്യം സംസ്ഥാനത്ത് നിലവിൽ ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞവർഷം വിതരണം ചെയ്ത ഓണക്കിറ്റിൽ തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണുണ്ടായിരുന്നത്.