കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. താൻ നിയമവിരുദ്ധമായ നിർമാണപ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും, എന്നാൽ, സിപിഎമ്മിന്‍റെ സംസ്ഥാന ആസ്ഥാനമായ എകെജി സെന്‍റർ പട്ടയ ഭൂമിയിൽ നിയമവിരുദ്ധമായി നിർമിച്ചതാണെന്നുമാണ് കുഴൽനാടന്‍റെ പുതിയ ആക്ഷേപം.
മൂന്നാർ താൻ ഭൂനിയമം ലംഘിച്ചിട്ടില്ല. പട്ടയഭൂമിയിൽ വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടം നിർമിക്കുമ്പോഴാണ് നിയമവിരുദ്ധമാകുന്നത്. എന്നാൽ, റെസിഡൻഷ്യൽ പെർമിറ്റുള്ള കെട്ടിടമാണ് താൻ ചിന്നക്കനാലിൽ പണിതത്. അതിനാലാണ് റിസോർട്ട് സ്വകാര്യ കെട്ടിടമാണെന്നു പറഞ്ഞത്.
അവിടെ ഭൂമി വാങ്ങിയതിലും നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. ഭൂമി മണ്ണിട്ടു നികത്തിയെന്ന ആരോപണത്തിനു പലവട്ടം മറുപടി നൽകിയിട്ടുള്ളതാണെന്നും കുഴൽനാടൻ.
അഭിഭാഷകവൃത്തിയോടൊപ്പം നിയവിരുദ്ധമായ ബിസിനസുകളൊന്നും നടത്തിയിട്ടില്ല. വിദേശത്തെ ഒരു സ്ഥാപനത്തിൽ 24 ശതമാനം പങ്കാളിത്തമുണ്ട്. എന്നാൽ, ഒമ്പതു കോടിയുടെ വിദേശ നിക്ഷേപമുണ്ടെന്നു പറഞ്ഞിട്ടില്ല. 24 ശതമാനത്തിന്‍റെ മാർക്കറ്റ് വിലയാണ് ഒമ്പത് കോടി വരുമെന്നു പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.