ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ മണിപ്പുരിലെ കുക്കി, മെയ്തെയ് വിഭാഗത്തിലെ അംഗങ്ങളുടെ പ്രതിഷേധമുണ്ടായേക്കാമെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നു ദേശീയ തലസ്ഥാനത്തു സുരക്ഷ ശക്തമാക്കി. ഡ്രോണുകളെ ഉൾപ്പെടെ നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്. നാളെ രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവർണ പതാക ഉയർത്തുമ്പോൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കാനും പ്ലക്കാർഡ് ഉയർത്താനും സാധ്യതയുണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ജി 20 സമ്മേളനം അടുത്തിരിക്കെ, സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ പ്രതിഷേധമുണ്ടായാൽ അതു വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നു സുരക്ഷാ അവലോകനയോഗത്തിൽ ഉദ്യോഗസ്ഥർ വിലയിരുത്തി.
2021 മാർച്ചിൽ ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ സമാപനവും ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിലാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 1800 പേരെ പ്രത്യേക അതിഥികളായി ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാനമന്ത്രി കൗശൽ വികാസ് യോജന തുടങ്ങിയ വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ ഉൾപ്പെടെ കൂട്ടത്തിലുണ്ട്. സെൻട്രൽ വിസ്റ്റ നിർമാണത്തിൽ ഭാഗമാകുന്ന തൊഴിലാളികൾ, ഖാദി തൊഴിലാളികൾ എന്നിവരും ഇക്കൂട്ടത്തിലുണ്ട്.