തൃശൂർ: പുലികളി സംഘത്തിന് ധനസഹായവുമായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റിൽ നിന്നുമാണ് ധനസഹായം നൽകിയത്. ഓരോ പുലികളി സംഘത്തിനും 50,000 രൂപ വീതം സുരേഷ് ഗോപി നേരിട്ടെത്തി കെെമാറി.
നേരത്തെ കേന്ദ്ര സർക്കാരും പുലികളി സംഘങ്ങൾക്ക് ധനസഹായം അനുവദിച്ചിരുന്നു. ഓരോ സംഘത്തിനും ഒരു ലക്ഷം രൂപ വീതമാണ് കേന്ദ്ര സംസ്കാരിക വകുപ്പ് സഹായധനം അനുവദിച്ചത്. സർക്കാർ നൽകുന്ന ഒരുലക്ഷത്തിന് പുറമേയാണ് താൻ നൽകുന്ന 50,000 രൂപയെന്ന് സുരേഷ് ഗോപി അറിയിച്ചു.
തൃശൂരിനെ സ്നേഹിക്കുന്ന ഒരാളെന്ന നിലയിൽ കേന്ദ്രസർക്കാരിന്റെ പങ്കുചേരലിനോട് ചേർന്ന് എന്റെ മകളുടെ പേരിലുള്ള നൽകൽ കൂടിയുണ്ടാകണമെന്ന് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ ആദ്യ ഡ്രാഫ്റ്റ് ഇവിടെ കൊടുക്കാൻ വേണ്ടിയാണ് വന്നത്. ഒരു ലക്ഷം രൂപയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. അതിന്റെ കൂടെ 50,000 രൂപ കൂടി ഓരോ സംഘത്തിനും നൽകുന്ന ചടങ്ങിനായാണ് ഇവിടെയെത്തിയത്, സുരേഷ് ഗോപി പറഞ്ഞു.