തൃശൂര്‍:തൃശൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന 3.52 കിലോ കഞ്ചാവ് റെയില്‍വെ സഹായത്തോടെ എക്‌സൈസ് പിടികൂടി. പശ്ചിമ ബംഗാള്‍ മൂഷിദബാദ് സ്വദേശികളും കേരളത്തില്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുമായ ഷെരീഫുള്‍ എസ്‌കെ, തജറുദ്ദീന്‍ എസ്‌കെ, ഹസിബിള്‍ എസ്‌കെ എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു.
തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ജുനൈദിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ റെയില്‍വെ സംരക്ഷണ സേനയും പങ്കെടുത്തു. റെയില്‍വെയുടെ നായ റോക്കിയാണ് ഒറ്റ നോട്ടത്തില്‍ ബൊക്കെ പോലെ തോന്നിപ്പിക്കുന്ന വിധത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു കൊണ്ടുവന്ന കഞ്ചാവ് മണത്ത് കണ്ട് പിടിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. ഷാലിമാര്‍ എക്‌സ്പ്രസ് തൃശൂരില്‍ എത്തിയപ്പോള്‍ പ്രതികള്‍ മൂന്ന് പേരും ഇറങ്ങി. ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ഇറങ്ങിയ രണ്ടുപേര്‍ തിരികെ ചാടി കയറുന്നത് കണ്ട് സംശയം തോന്നിയ സംയുക്ത പരിശോധനാ സംഘം മൂന്നാമനെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് ഉണ്ടെന്ന് സൂചന ലഭിച്ചത്. അതോടെ ഉദ്യോഗസ്ഥരും ട്രെയിനില്‍ കയറി. ആലുവയില്‍ എത്തിയപ്പോള്‍ മറ്റ് രണ്ട് പേരെയും കൂടി പിടികൂടി തൃശൂരില്‍ എത്തിക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പരിശോധന സംഘത്തില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍ സുദര്‍ശന കുമാര്‍, റെയില്‍വെ ക്രൈം ഇന്റലിജിന്‍സ് എഎസ്‌ഐ ഫിലിപ്പ് ജോണ്‍, ആര്‍പിഎഫ് എഎസ്‌ഐ അനില്‍ കുമാര്‍, എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍മാരായ സോണി കെ ദേവസി, മനോജ് കുമാര്‍ എംഎം, ഷാജി കെവി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷനുജ് ടി എസ്, സനീഷ് കുമാര്‍ ടി എസ്, നൂര്‍ജ കെ എച്ച്, റെയില്‍വെ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥരായ ടി ഡി വിജോയ്, ഡോഗ് ട്രൈയിനര്‍ കലൈ സെല്‍വം എന്നിവരും ഉണ്ടായിരുന്നു.