കൊച്ചി: കടമക്കുടിയില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാര്‍ ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ ഓണ്‍ലൈന്‍ വായ്പാക്കെണിയെന്ന് സൂചന. മരിച്ച യുവതി ഓണ്‍ലൈന്‍ വായ്പ ആപ്പില്‍നിന്ന് പണം വായ്പയെടുത്തിരുന്നതായും ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഓണ്‍ലൈന്‍ ആപ്പുകാര്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും ബന്ധുക്കള്‍ പറഞ്ഞു. നാലംഗകുടുംബത്തിന്റെ മരണത്തിന് പിന്നാലെയാണ് ഓണ്‍ലൈന്‍ വായ്പാക്കാരുടെ ഭീഷണിസന്ദേശങ്ങള്‍ ബന്ധുക്കള്‍ക്കും ലഭിച്ചത്. ഇതോടെ ബന്ധുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നിലവില്‍ ദമ്പതിമാര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണുകള്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം രാവിലെയാണ് കടമക്കുടി മാടശ്ശേരി നിജോ(39) ഭാര്യ ശില്പ(29) മക്കളായ ഏയ്ബല്‍(ഏഴ്) ആരോണ്‍(അഞ്ച്) എന്നിവരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. കുട്ടികളെ കൊലപ്പെടുത്തിയശേഷം ദമ്പതിമാര്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിന് കാരണം സാമ്പത്തികബാധ്യതയാണെന്നാണ് പോലീസും കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍, ഇതിനുപിന്നാലെയാണ് ഓണ്‍ലൈന്‍ വായ്പാ ആപ്പുകാരുടെ ഭീഷണിയെക്കുറിച്ച് ബന്ധുക്കള്‍ വെളിപ്പെടുത്തിയത്.
ശില്പ ഓണ്‍ലൈന്‍ ആപ്പില്‍നിന്ന് 9000 രൂപയോളം വായ്പ എടുത്തിരുന്നതായും ഇത് എത്രയുംവേഗം തിരിച്ചടക്കാന്‍ പറയണമെന്നുമാണ് ബന്ധുക്കള്‍ക്ക് വാട്‌സാപ്പില്‍ ലഭിച്ചിരുന്ന സന്ദേശം. ശില്പയുടെ ചില മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഓണ്‍ലൈന്‍ ആപ്പുകാര്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയിരുന്നു. പണം തിരിച്ചടച്ചില്ലെങ്കില്‍ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ബന്ധുക്കള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
നിര്‍മാണത്തൊഴിലാളിയും ആര്‍ട്ടിസ്റ്റുമാണ് നിജോ. കടമക്കുടിയിലെ വീടിന്റെ മുകള്‍നിലയിലാണ് നിജോയും ഭാര്യയും രണ്ടുമക്കളും താമസിച്ചിരുന്നത്. വീടിന്റെ താഴത്തെനിലയില്‍ നിജോയുടെ അമ്മയും സഹോദരനും ഇവരുടെ കുടുംബവും താമസിക്കുന്നു. ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാനായി സഹപ്രവര്‍ത്തകന്‍ നിജോയെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. നിജോയുടെ രണ്ട് മൊബൈല്‍നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. ഇതോടെ സഹപ്രവര്‍ത്തകന്‍ വീട്ടിലെത്തി അമ്മയോട് കാര്യംതിരക്കി. തുടര്‍ന്ന് അമ്മ ആനിയും സഹോദരനും മുകള്‍നിലയില്‍ പോയിനോക്കിയപ്പോളാണ് ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടതെന്നാണ് സഹപ്രവര്‍ത്തകന്‍ പറഞ്ഞത്.
നിജോയും ഭാര്യ ശില്‍പയും തൂങ്ങിമരിച്ചനിലയിലായിരുന്നു. മക്കളായ ഏയ്ബലിന്റെയും ആരോണിന്റെയും മൃതദേഹങ്ങള്‍ മുറിയിലെ കട്ടിലില്‍ കിടക്കുന്നനിലയിലായിരുന്നു. നേരത്തെ വിസിറ്റിങ് വിസയില്‍ വിദേശത്തേക്ക് പോയിരുന്ന ശില്‍പ ഒരുമാസം മുന്‍പാണ് തിരികെയെത്തിയത്. വീണ്ടും വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നിജോ എന്നാണ് നാട്ടുകാരും ബന്ധുക്കളും കഴിഞ്ഞദിവസം പറഞ്ഞത്.