ഇടുക്കി: വിൽപ്പനക്കെത്തിച്ച രണ്ട് ആനക്കൊമ്പുകളുമായി രണ്ടു പേരെ ഇടുക്കി പരുന്തും പാറയിൽ നിന്നും വനം വകുപ്പ് പിടികൂടി. വനംവകുപ്പ് ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആനക്കൊമ്പുകൾ പിടികൂടിയത്. തിരുവനന്തപുരം വിതുര സ്വദേശി ഉഷസ് ഭവനിൽ ശ്രീജിത്ത്, ഇടുക്കി പരുന്തുംപാറ സ്വദേശി വിഷ്ണു എന്നിവരെയാണ് ആനക്കൊമ്പുകളുമായി വനംവകുപ്പ് പിടികൂടിയത്.
ഇടുക്കിയിലെ പീരുമേട് ഭാഗത്ത് രണ്ട് ആനക്കൊമ്പുകളുടെ കച്ചവടം നടക്കാൻ സാധ്യതയുള്ളതായി വനം വകുപ്പ് ഇൻറലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ച യായി നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് ആനക്കൊമ്പുമായി പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഒരടിയോളം നീളവും രണ്ടുകിലോയോളം തൂക്കവുമുള്ളതാണ് പിടിയിലായ കൊമ്പുകൾ.
വനംവകുപ്പ് ഇൻറലിജൻസ് വിഭാഗത്തിനൊപ്പം മുണ്ടക്കയം ഫ്ളയിംഗ് സക്വാഡ്, മുറിഞ്ഞ പുഴ വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. വനത്തിൽ നിന്നും ആനക്കൊമ്പ് ശേഖരിച്ചയാളെക്കുറിച്ച് വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. കച്ചവടത്തിന് ഇടനില നിന്നയാളുകളെയും ഉടൻ പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു.