വയനാട്∙ മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 73 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മേപ്പാടി ഹെൽത്ത് സെന്ററിൽ 35 മൃതദേഹങ്ങളും വിംസ് ആശുപത്രിയിൽ 8 മൃതദേഹങ്ങളുമുണ്ട്. ചാലിയാറിൽ ഒഴുകിയെത്തിയ 20 മൃതദേഹങ്ങളാണ് നിലമ്പൂരിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് കണ്ടെത്തിയത്. ഇവ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിലും മലപ്പുറം ചുങ്കത്തറ ആശുപത്രിയിലും ഒരു മൃതദേഹം വീതവുമുണ്ട്. എഴുപതിലേറെപ്പേർ വിവിധ ആശുപത്രിയിലായി ചികിത്സയിലാണ്.
മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയിരിക്കുകയാണ്. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്. ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ പേർ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിന് ഏഴിമലയിൽ നിന്ന് നാവികസേനയെത്തിയിട്ടുണ്ട്.