വയനാട്:വയനാട് മൂലങ്കാവ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി ശബരിനാഥിന് ക്രൂരമർദനമേറ്റ സംഭവത്തിൽ 2 വിദ്യാർത്ഥികളെ സസ്പെന്‍റ് ചെയ്തു. ഏഴ് ദിവസത്തേക്ക് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്. പ്രത്യേക കമ്മറ്റി ഉണ്ടാക്കി അന്വേഷിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രധാന അധ്യാപികയോടാണ് റിപ്പോർട്ട് തേടിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി ഉണ്ടാകുമെന്ന് ഡിഡിഇ ശശീന്ദ്രവ്യാസ് അറിയിച്ചു.
കേസുമായി മുന്നോട്ട് പോകുമെന്ന് ശബരീനാഥിന്‍റെ അമ്മ സ്മിത മാധ്യമങ്ങളോട് പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്നും മതിയായ ചികിത്സ കിട്ടിയില്ലെന്നും അവിടെ നിന്ന് ഡിസ്ചാർജ് ചെയ്യാൻ സമ്മർദം വന്നുവെന്നും സ്മിത ആരോപിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കായി ശബരിനാഥനെ കല്പറ്റ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അധ്യാപകർ എന്തോ ഒളിച്ചു വയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും ശബരിനാഥനെ കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അമ്മ വെളിപ്പെടുത്തി.