ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്ത് ദുരനുഭവങ്ങളുണ്ടായ അനേകം പേരുണ്ട്. അതിൽ രുചിയില്ലാത്ത ഭക്ഷണം കിട്ടിയവരും വിശപ്പ് കെട്ട ശേഷം മാത്രം ഭക്ഷണം കിട്ടിയവരും എല്ലാം പെടുന്നു. എന്നാൽ, ഇവിടെ ഒരു മിൽക്ക് ഷേക്ക് ഓർഡർ ചെയ്ത യുവാവിന് സംഭവിച്ച ദുരന്തം ശത്രുക്കൾക്ക് പോലും വരുത്തരുതേ എന്ന് നാം ആഗ്രഹിച്ച് പോകും.
Grubhub ആപ്പ് ഉപയോഗിച്ചാണ് യുഎസ്സിൽ നിന്നുള്ള കലേബ് വുഡ് എന്ന യുവാവ് Chick-fil-A -യിൽ നിന്നും മിൽക്ക് ഷേക്ക് ഓർഡർ ചെയ്തത്. എന്നാൽ, അതിന് പകരമായി യുവാവിന് ലഭിച്ചത് അതേ പോലുള്ള ഒരു കപ്പിൽ ചൂടുള്ള മൂത്രമാണ്. എബിസി ഫോർ പങ്ക് വച്ചിരിക്കുന്ന വീഡിയോയിൽ ഭക്ഷണം കൊണ്ടുകൊടുത്തു പോയ ഉടനെ തന്നെ കലേബ് ഡ്രൈവറെ തിരികെ വിളിക്കുന്നത് കാണാം. റിപ്പോർട്ടുകൾ പ്രകാരം ഭക്ഷണം ഡെലിവറി ചെയ്ത ഉടൻ തന്നെ കലേബ് സ്ട്രോ ഉപയോഗിച്ച് ഒരു കവിൾ കുടിച്ചിരുന്നു. അപ്പോഴാണ് അത് മൂത്രമാണ് എന്ന് അയാൾ തിരിച്ചറിഞ്ഞത്.
ഉടനെ തന്നെ അയാൾ ഡെലിവറി ഡ്രൈവറിനെ തിരികെ വിളിക്കുകയായിരുന്നു. നിങ്ങളെന്താണ് തന്നത് എന്ന് നിങ്ങൾക്കറിയാമോ എന്നും ചോദിച്ചു. എന്നാൽ, അയാൾ പറഞ്ഞത് താൻ തന്ന കപ്പ് മാറിപ്പോയി എന്നായിരുന്നു. അതുപോലെയുള്ള ഒരു കപ്പിൽ താൻ മൂത്രമൊഴിക്കാറുണ്ട് എന്നും നീണ്ട മണിക്കൂറുകൾ ഡ്രൈവ് ചെയ്യേണ്ടി വരുന്നത് കൊണ്ടാണ് ഇത് എന്നും വിശദീകരിച്ചു കൊണ്ട് അയാൾ ക്ഷമാപണം നടത്തി.
പിന്നീട്, ചിക്കാഗോ ആസ്ഥാനമായുള്ള കമ്പനിയും സംഭവത്തിൽ ക്ഷമാപണം നടത്തി. ഡ്രൈവറുമായുള്ള കരാർ തങ്ങൾ അവസാനിപ്പിക്കുന്നു എന്നും കലേബിനോട് ക്ഷമ പറയുന്നു എന്നും കമ്പനി അറിയിച്ചു.