നീലഗിരി: ഗൂഡല്ലൂരിലും മസിനഗുഡിയിലുമായി രണ്ട് പേര്‍ കൂടി കാട്ടാന ആക്രമണത്തില്‍ മരിച്ചു. ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് (50), മസിനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് എന്നിവരാണ് മരിച്ചത്.
ദേവർശാലയില്‍ സർക്കാർ മൂല എന്ന സ്ഥലത്ത് വച്ചാണ് മാദേവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഈ ആന ഇപ്പോഴും പ്രദേശത്ത് പരിഭ്രാന്തി പരത്തി തുടരുകയാണ്. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിക്കുകയാണ്.
മസിനഗുഡിയിൽ പുലർച്ചെ നാലിനുണ്ടായ ആക്രമണത്തിലാണ് കർഷകനായ നാഗരാജ് മരിച്ചത്. രണ്ട് ആക്രമണവും നടത്തിയത് രണ്ട് ആനകളാണ്. കാട്ടാന, കാട്ടുപോത്ത്,കാട്ടുപന്നി എന്നിവയുടെ ആക്രമണത്തെ തുടര്‍ന്ന് മരണങ്ങളുണ്ടാകുന്നത് കേരളത്തില്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞയാഴ്ച കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ശക്തമായ സമരത്തിനിറങ്ങിയിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണം വലിയ രീതിയില്‍ ചര്‍ച്ചയായതോടെ ബുധനാഴ്ച മന്ത്രിസഭായോഗത്തില്‍ മനുഷ്യ- വന്യജീവി സംഘര്‍ഷം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.