കൊച്ചി: വാഹനങ്ങളുടെ ടയറുകളും അനുബന്ധ ഉൽപന്നങ്ങളും നിർമിക്കുന്നതിൽ രാജ്യത്ത് മുൻനിരയിലുള്ള എറണാകുളം കാലടിയില്‍ പ്രവര്‍ത്തിക്കുന്ന ടോളിന്‍സ് ടയേഴ്‌സ് 230 കോടി രൂപയുടെ ഓഹരി വില്പനയുമായി പുതിയ ഉയരങ്ങളിലേക്ക്. ഒരു ഓഹരിക്ക് 215 മുതൽ 226 രൂപ വരുന്ന പ്രൈസ് ബാൻഡിലാണ് ടോളിന്‍സ് ടയേഴ്‌സ് ലിമിറ്റഡ് ഓഹരി വിപണിയിലേക്കു പ്രവേശിക്കുന്നത്. പ്രാഥമിക ഓഹരി വില്പനയായ ഇനീഷ്യൽ പബ്ലിക് ഓഫറിങ് (ഐപിഒ) സെപ്റ്റംബർ ഒമ്പത് തിങ്കളാഴ്ച തുറക്കും. ബുധനാഴ്ച്ച വരെ അപേക്ഷിക്കാം. അഞ്ച് രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും തറവില 43 മടങ്ങും പരമാവധി വില 45.2 മടങ്ങുമാണ് നിശ്ചയിച്ചിരിക്കുന്നത്. കമ്പനിയുടെ ജീവനക്കാർക്ക് അഞ്ചു ശതമാനം ഓഹരി സൗജന്യമായി സൗജന്യമായി നല്‍കി.
ലൈറ്റ് കൊമേഴ്‌സ്യൽ, അഗ്രികൾച്ചറൽ, ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ടയറുകൾ പുറത്തിറക്കുന്ന കമ്പനി ട്രെഡ് റബറും അനുബന്ധ ഉൽപ്പന്നങ്ങളായ ബോണ്ടിംഗ് ഗം, വൾക്കനൈസിംഗ് ലായനി, ടയർ ഫ്ലാപ്പുകൾ, ട്യൂബുകൾ എന്നിവയും നിർമ്മിക്കുന്നു. ഇന്ത്യയിൽ ടയർ റീട്രെഡിംഗ് സൊല്യൂഷനുകളുടെ മുൻനിര ദാതാവാണ് കമ്പനി. കൂടാതെ മിഡിൽ ഈസ്റ്റ്, ഈസ്റ്റ് ആഫ്രിക്ക, ജോർദാൻ, കെനിയ, ഈജിപ്ത് തുടങ്ങിയ 40 വ്യത്യസ്ത രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
ടോളിൻസ് ടയേഴ്‌സ് ഐപിഒ പബ്ലിക് ഇഷ്യൂവിൽ 50 ശതമാനത്തിൽ കൂടുതൽ ഓഹരികൾ യോഗ്യരായ സ്ഥാപനങ്ങൾക്കായി (ക്യുഐബി) നീക്കിവെച്ചിട്ടുണ്ട്. സ്ഥാപനേതര സ്ഥാപന നിക്ഷേപകർക്ക് (എൻഐഐ) 15 ശതമാനം, റീട്ടെയിൽ നിക്ഷേപകർക്കായി 35 ശതമാനം എന്നിങ്ങനെയും നീക്കിവച്ചിരിക്കുന്നു.
ഷെയറുകളുടെ അലോട്ട്‌മെൻ്റ് സെപ്‌റ്റംബർ 12 വ്യാഴാഴ്ച നടക്കും. സെപ്‌റ്റംബർ 13 വെള്ളിയാഴ്ച റീഫണ്ടുകൾ ആരംഭിക്കും. റീഫണ്ടിനുശേഷം അതേ ദിവസം തന്നെ ഷെയറുകൾ അലോട്ട്‌മെൻ്റിൻ്റെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ബിഎസ്ഇയിലും എൻഎസ്ഇയിലും സെപ്റ്റംബർ 16 തിങ്കളാഴ്ച ടോളിൻസ് ടയേഴ്സ് ഓഹരി ലിസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
230 കോടി രൂപ മൂല്യമുള്ള ടോളിൻസ് ടയേഴ്‌സ് ഐപിഒയിൽ 200 കോടി രൂപയുടെ പുതിയ ഇഷ്യൂവും പ്രമോട്ടർമാർ വിൽക്കുന്ന 30 കോടി രൂപയുടെ ഓഫർ ഫോർ സെയിലും (OFS) ഉൾപ്പെടുന്നു. പ്രമോട്ടർമാരായ ഡോ. കെ.വി ടോളിനും ജെറിൻ ടോളിനും സംയുക്തമായി അഞ്ച് രൂപ മുഖവിലയുള്ള 25,541,197 ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. ഇക്വിറ്റി ഓഹരി മൂലധനത്തിൻ്റെ 83.31 ശതമാനം വരും.
പുതിയ ഇഷ്യൂവിൽ നിന്ന് സമാഹരിക്കുന്ന പണം, നിലവിലുള്ള ചില വായ്പകൾ പൂർണ്ണമായി തിരിച്ചടക്കാനോ ദീർഘകാല പ്രവർത്തന മൂലധനം വർദ്ധിപ്പിക്കുന്നതിനോ ഇവരുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയിൽ നിക്ഷേപിക്കുന്നതിന ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു. സാഫ്രോൺ ക്യാപിറ്റൽ അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ടോളിൻസ് ടയേഴ്‌സ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ. ഇഷ്യുവിൻ്റെ രജിസ്ട്രേഷൻ കൈകാര്യം ചെയ്യുന്നത് കാമിയോ കോർപ്പറേറ്റ് സർവീസസ് ലിമിറ്റഡിനാണ്.
ഓഹരിക്ക് ഇഷ്യൂ വിലയേക്കാൾ കൂടുതൽ നൽകാനുള്ള നിക്ഷേപകരുടെ സന്നദ്ധതയെ സൂചിപ്പിക്കുന്ന ‘ഗ്രേ മാർക്കറ്റ് പ്രീമിയം’ പൂജ്യമാണെന്ന് ഇൻവെസ്റ്റർഗെയ്ൻ ഡോട്ട് കോം വ്യക്തമാക്കുന്നു. അതനുസരിച്ച് ഗ്രേ മാർക്കറ്റിൽ പ്രീമിയമോ ഡിസ്‌കൗണ്ടോ ഇല്ലാതെ ഓഹരികൾ അവരുടെ ഇഷ്യു വിലയായ 226 രൂപയിൽ തന്നെ ട്രേഡ് ചെയ്യപ്പെടുന്നു.