കാലടി: ഇടറിയ കണ്ഠങ്ങള്‍ ഉരുവിട്ടമന്ത്രങ്ങളാല്‍ മുഖരിതമായിരുന്നു രാവില്‍ ഭക്തര്‍രുടെ നിറമിഴികള്‍ സാക്ഷിയാക്കി തിരുവൈരാണിക്കുളത്ത് ശ്രീപാര്‍വ്വതീദേവിയുടെ നടയടച്ചു.രാത്രി ഏഴരയോടെ ഉമാമഹേശ്വര ദര്‍ശനം പൂര്‍ത്തിയാക്കി ഭക്തര്‍ നാലമ്പലം ഒഴിഞ്ഞു. തുടര്‍ന്ന് ശ്രീമഹാദേവന്റെ അത്താഴപൂജയ്ക്കു മുന്‍പായി പാട്ടുപുരയില്‍ നിന്ന് ദേവീ ചൈതന്യം ഉള്‍ക്കൊള്ളുന്ന ദീപം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു.
പാര്‍വ്വതിദേവിയുടെ പ്രിയതോഴിയായ പുഷ്പിണിയായി സങ്കല്‍പ്പിക്കപ്പെടുന്ന ബ്രാഹ്മണിയമ്മ തളികയില്‍ കൊട്ടി ദേവിക്ക് അകമ്പടിസേവിച്ചു. തുടര്‍ന്ന് നട അടയ്ക്കുന്നതിനുള്ള പരമ്പരാഗതമായ ആചാരപ്രകാരം ക്ഷേത്ര ഊരാണ്മ കുടുംബങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, സമുദായം തിരുമേനി, പുഷ്പിണി, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ എന്നിവര്‍ നടയ്ക്കല്‍ സന്നിഹിതരായി.തുടർന്ന് ബ്രാഹ്മണിയമ്മ ശ്രീകോവിലിനു മുന്നില്‍ നിന്ന് ‘എല്ലാവരും തൃക്കണ്‍ പാര്‍ത്തുകഴിഞ്ഞുവോ’ എന്ന് വിളിച്ചു ചോദിച്ചു. ‘ഉവ്വ്’ എന്ന് സമുദായ തിരുമേനി ഉത്തരം നല്‍കി. തുടര്‍ന്ന് ‘നട അടപ്പിച്ചോട്ടേ’ എന്നു മൂന്നു വട്ടം ചോദിച്ചു. ‘അടപ്പിച്ചാലും’ എന്ന് സമുദായ തിരുമേനി അറിയിച്ചു. ‘നട അടച്ചാലും’ എന്നു ബ്രഹ്മണിയമ്മ വിളിച്ചറിയച്ചതോടെ മേല്‍ശാന്തി തിരുനട വാതില്‍ അടച്ചു.
നാലമ്പലത്തിനു പുറത്ത് ഇനിയും കണ്ടുമതിവരാത്ത മനസുമായി തിങ്ങിനിന്ന ഭക്തര്‍ നെടുവീര്‍പ്പുകളോടെ പിന്‍വാങ്ങി. ഇനിയൊരു കൊല്ലക്കാലം അടഞ്ഞ ശ്രീകോവിലിനുള്ളിലിരുന്ന് ഭക്തരുടെ പ്രാര്‍ത്ഥനകള്‍ ദേവി കേള്‍ക്കും. 2026 ജനുവരി 2 നാണ് ഇനി ശ്രീ പാർവ്വതി ദേവിയുടെ നട ദർശനത്തിനായി തുറക്കുക.ഈ വർഷത്തെ നടതുറപ്പ് മഹോത്സവത്തിന് കേരളത്തിന് പുറമെ തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷകണക്കിന് ഭക്തജനങ്ങൾ ദർശനം നടത്തിയതായാണ് കണക്കാക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.വെർച്വൽ ക്യു സംവിധാനം വഴിമാത്രം രണ്ടര ലക്ഷത്തോളം ഭക്തജനങ്ങൾ ദർശനം നടത്തിയതായും അവർ അറിയിച്ചു.