ആലുവ: തിരുവൈരാണിക്കുളം ക്ഷേത്രം ശ്രീ പാർവ്വതിദേവിയുടെ നടത്തുറപ്പ് മഹോത്സവം ഭക്തർക്ക് സുരക്ഷിതമായ ദർശന സൗകര്യമൊരുക്കും. നടതുറപ്പ് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റെയും അൻവർ സാദത്ത് എം. എൽ.എയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഡിസംബർ 26 മുതൽ ജനുവരി 6 വരെ 12 ദിവസമാണ് നടതുറപ്പ് മഹോത്സവം. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ്ങും ഉണ്ടായിരിക്കും. യോഗത്തിൽ ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവൃത്തികളെ കുറിച്ച് നിർദേശങ്ങൾ നൽകി പ്രവർത്തനങ്ങൾ വിലയിരുത്തി.
ശ്രീമൂലം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഇരുവശവുമുള്ള അനധികൃത ഗതാഗതം സുഗമമാക്കാൻ ശ്രീമൂലനഗരം, വാഴക്കുളം പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി. പാലത്തിന്റെ വഴിവിളക്കുകൾ പൂർണമായി പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ഉത്സവ സമയത്ത് പ്രവർത്തിക്കുന്ന താൽക്കാലിക കടകൾക്ക് ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കണം. മാലിന്യ സംസ്‌കരണത്തിന് പഞ്ചായത്തുകൾ വിശദമായ പദ്ധതി രൂപീകരിക്കണം. ശ്രീമൂലം പാലത്തിന്റെ അറ്റകുറ്റപ്പണികൾ ദ്രുതഗതിയിൽ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. ജലജീവൻ പദ്ധതിയുടെ ഭാഗമായി ഗതാഗത യോഗ്യമല്ലാതായ റോഡുകളും ഗതാഗതയോഗ്യമാക്കണം. 24 മണിക്കൂറും കുടിവെള്ളം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി. സെപ്ഷ്യൽ ബസ് സർവീസുകൾ ഏർപ്പെടുത്തുമെന്ന് കെ.എസ്.ആർ.ടി. സി ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി. വെളുപ്പിന് നാലു മുതൽ സർവീസുകൾ ആരംഭിക്കും.
ഭക്തജനങ്ങൾക്ക് കുളിക്കുന്നതിനായി പെരിയറിലെ വെള്ളാരപ്പള്ളി കടവ്, കൂട്ടിക്കൽ കടവ് എന്നിവിടങ്ങളിൽ സജ്ജീകരണങ്ങൾ ഒരുക്കാൻ മേജർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. ഗതാഗതം നിയന്ത്രണത്തിനും, മോഷണ ശ്രമങ്ങളും തടയുന്നതിനായി പോലീസ് സേനയെ വിന്വസിക്കും. അനധീകൃത മദ്യ വില്പനയും പദാർത്ഥങ്ങളുടെ വ്യാപനവും തടയുന്നതിന് നടപടികൾ സ്വീകരിക്കാൻ എക്‌സൈസ് വകുപ്പിന് നിർദ്ദേശം നൽകി. ഉത്സവ ദിനങ്ങൾ 24 മണിക്കൂറും ക്ഷേത്ര പരിസരത്ത് ഫയർ ക്രൂവിന്റെ സേവനം ലഭ്യമാകും. ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കുമെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ക്ഷേത്രത്തിലും പരിസരങ്ങളിലും 24 മണിക്കൂറും വൈദ്യുതി ഉറപ്പുവരുത്താൻ കെ.എസ്.ഇ.ബി നിർദേശം നൽകി. 24 മണിക്കൂറും ആരോഗ്യ പ്രവർത്തകരുടെ സേവനവും ആംബുലൻസ് ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമായി. ഭക്ഷണശാലകളിൽ നിരീക്ഷണം ഏർപ്പെടുത്തും. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാൻ പരിശോധനകൾ നടത്തും. ഭക്ഷണശാലകളിലെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ ഫുഡ് ആന്റ് സേഫ്റ്റ് ഡിപ്പാർട്ട്‌മെന്റിനെ ചുമതലപ്പെടുത്തി.
സമ്പൂർണ്ണമായി ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആയിരിക്കും ഉത്സവ ആഘോഷങ്ങൾ നടക്കുക. ഇതിനായി ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി പ്രവർത്തനങ്ങൾ നടപ്പിലാക്കും. സമീപത്തെ കടകളിൽ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പരിശോധന നടത്തും. അജൈവ- ജൈവ മാലിന്യങ്ങൾ കൃത്യമായി സംസ്‌ക്കരിക്കുന്നതിന് സജ്ജീകരണങ്ങൾ ഏർപ്പെടുത്തും.
ആലുവ പാലസ് ഗസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം ഷംസുദ്ദീൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, പെരുമ്പാവൂർ എ. എസ്. പി ജുവനാപ്പുടി മഹേഷ്, എ. എസ്. പി ബിജുമോൻ, തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കുഞ്ഞനന്തൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ പ്രസൂൺ കുമാർ, വൈസ് പ്രസിഡണ്ട് പി.യു രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പി. അശോക് കുമാർ, മാനേജർ എം.കെ കലാധരൻ, ട്രസ്റ്റ് അംഗം എ.എൻ മോഹനൻ ക്ഷേത്ര ഭാരവാഹികൾ, ആലുവ തഹസിൽദാർ സുനിൽ മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.