തിരുവനന്തപുരം: മദ്യപിച്ചെത്തിയ കെടാകുളം കെഎസ്ഇബി ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കിയതിന്‍റെ പേരില്‍ വൈദ്യുതി വിച്ഛേദിച്ചത പരാതിയിൽ നടപടിയുമായി കെഎസ്ഇബി എംഡി ബിജു പ്രഭാകര്‍. സംഭവത്തില്‍ കെഎസ്ഇബി വിജിലന്‍സ് അന്വേഷണത്തിന് ബിജു പ്രഭാകര്‍ ഉത്തരവിട്ടു. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
വര്‍ക്കല അയിരൂര്‍ സ്വദേശി പറമ്പില്‍ രാജീവ് അയിരൂര്‍ പൊലീസില്‍ പരാതി നല്‍കിയതാണ് പ്രതികാര നടപടിയുമായി കെഎസ്ഇബി കുടുംബത്തെ ഇരുട്ടിലാക്കിയത്. ഇതിനിടെ, വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഞായറാഴ്ച രാത്രി കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി കണക്ഷൻ പുന:സ്ഥാപിക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി 11 മണിയോടെ രാജീവിന്‍റെ വീട്ടിലെ വൈദ്യുതിമീറ്ററില്‍ നിന്നും തീ ആളിപ്പടരുന്നത് കണ്ട് സമീപത്തെ ബേക്കറി ഉടമ ഫോണില്‍ വിളിച്ചറിയിച്ചു. ഉടനെ രാജീവ് കുടുംബങ്ങളെ വിളിച്ചുണര്‍ത്തി വീടിന് പുറത്തിറക്കി കെടാകുളം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ വിവരമറിയിച്ചു. എന്നാൽ അര മണിക്കൂര്‍ കഴിഞ്ഞാണ് 2 ലൈന്‍മാന്മാര്‍ എത്തിയത്. എന്നാലിവർ മദ്യലഹരിയില്‍ ആയിരുന്നുവെന്നും വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചശേഷം എങ്ങനെയാണ് തീ പിടിച്ചതെന്ന് നോക്കുവാന്‍ ആവശ്യപ്പെട്ടതിന് രാജീവിനെ അസഭ്യം വിളിച്ചതായും പരാതിയില്‍ പറയുന്നു.
പരാതി പിൻവലിച്ചാൽ വൈദ്യുതി തരാമെന്ന് അസിസ്റ്റന്‍റ് എൻജീനിയർ ഭീഷണിപ്പെടുത്തിയതായും കുടുംബം പറയുന്നു. രാജീവിന്‍റെ പരാതിയിന്മേല്‍ അയിരൂര്‍ പൊലീസ് ജീവനക്കാര്‍ക്കെതിരേ കേസെടുത്തു. എന്നാൽ ഇതിനിടെ വീട്ടുകാർക്കെതിരെ കെഎസ്ഇബി പരാതി നൽകുകയിരുന്നു. രാജീവ് അസഭ്യം വിളിച്ചെന്നും ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്നുമാണ് കെഎസ്ഇബിയുടെ പരാതി.