തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. 2 ലിഫ്റ്റ് ഓപ്പറേറ്റർ, ഡ്യൂട്ടി സർജന്‍റ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവം പുറത്തു വന്നതിനു പിന്നാലെ അടിയന്തര അന്വേഷണത്തിന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
മെഡിക്കൽ കോളെജ് ആശുപത്രിയിൽ ലിഫ്റ്റിൽ 48 മണിക്കൂറാണ് രോഗി കുടുങ്ങിയത്. ഉള്ളൂർ സ്വദേശിയായ 59 കാരൻ രവീന്ദ്രനാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ലിഫ്റ്റിൽ കുടുങ്ങിയത്. ഇദ്ദേഹത്തെ പുറത്തെത്തിച്ചത് തിങ്കളാഴ്ച പുലർച്ചെ 6 മണിക്കാണ്.
മെഡിക്കൽ കോളെജ് ഒപിയിൽ 4 ലിഫ്റ്റുകളാണ് ഉള്ളത്. ഇതിൽ ഒരു ലിഫ്റ്റിന് തകരാറുണ്ട്. നടുവു വേദനയെ തുടർന്ന് അസ്ഥിവിഭാഗത്തിലെ ഡോക്‌ടറെ കാണാനായാണ് രവീന്ദ്രൻ ഒപി വിഭാഗത്തിലെത്തിയത്. രവീന്ദ്രൻ കയറിയത് തകരാറുള്ള ലിഫ്റ്റിലായിരുന്നു.