തിരുവനന്തപുരം: കളിയിക്കവിള കൊലപാതകത്തില്‍ പ്രതി പിടിയില്‍. നേമം സ്വദേശി അമ്പിളിയാണ് പിടിയിലായത്. ഇയാളെ തമിഴ്‌നാട് പൊലീസിന്റെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട ദീപുവുമായി അമ്പിളിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നാണ് വിവരം. തിരുവനന്തപുരം മലയം സ്വദേശിയാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൊബൈൽ ഫോൺ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊലപാതകത്തിനുശേഷം പ്രതി 400 കിലോമീറ്റർ ഓളം സഞ്ചരിച്ചതായും അന്വേഷണസംഘം പറഞ്ഞു.
കൊല്ലപ്പെട്ട ദീപുവിന് ക്വാറിയുണ്ട്. ക്വാറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടയാളാണ് പിടിയിലായയാളെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രിയില്‍ കേരള- തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കവിളയിലാണ് കഴുത്തറുത്ത നിലയില്‍ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാറില്‍ ഉണ്ടായിരുന്ന പത്ത് ലക്ഷം രൂപയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്.
ജെസിബി വാങ്ങുന്നതിനായാണ് കോയമ്പത്തൂരിലേക്ക് ദീപു പുറപ്പെട്ടത്. ദീപുവിന് ഗുണ്ടാ സംഘങ്ങളുടെ ഭീഷണി ഉണ്ടായിരുന്നു എന്ന് ഭാര്യ പറഞ്ഞു. കേസില്‍ നിര്‍ണ്ണായകമായ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കളിയിക്കവിളയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇറങ്ങിപ്പോയ ആളുടെ കയ്യില്‍ ഒരു ബാഗും ഉണ്ടായിരുന്നു. വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം ദീപുവിന്റെ മൃതദേഹം രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.