തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഡോക്ടർ അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. അഭിരാമി താമസിച്ചിരുന്ന മെഡിക്കൽ കോളേജിന് അടുത്തുള്ള വീട്ടിൽ നിന്നാണ് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. പൊലീസ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
വെള്ളനാട് സ്വദേശിനിയാണ് ഡോ. അഭിരാമി. ഇന്നലെ വൈകിട്ടാണ് മരണവാർത്ത ഇവരുടെ വീട്ടിലേക്ക് എത്തുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ തന്നെ വീട്ടിലേക്ക് എത്തിക്കും. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അഭിരാമിക്കുള്ളതായി അറിയില്ലെന്ന് വീട്ടുകാർ പറയുന്നു. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഇവരുടെ ഭർത്താവും ഡോക്ടറാണ്. ആത്മഹത്യയിലേക്ക് എത്തിപ്പെടാനുളള കാരണങ്ങൾ ഒന്നും തന്നെ അഭിരാമിക്കുള്ളതായി അറിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. എന്താണ് സംഭവിച്ചത് എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അഭിരാമിയെ ഫോണിൽ വിളിച്ച് കിട്ടാതെ വന്നതോടെ അമ്മ രമാദേവി വീട്ടുടമയെ അറിയിക്കുകയായിരുന്നു. വീട്ടുടമയും ഭാര്യയും വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറക്കാതിരുന്നതോടെ പിൻഭാഗത്തെ ജനൽചില്ലുകൾ തകർത്തപ്പോഴാണ് ബോധരഹിതയായി അഭിരാമി റൂമിൽ കിടക്കുന്നത് കണ്ടത്. വാതിൽ ചവിട്ടിപ്പൊളിച്ച് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി മെഡിക്കൽ കോളജിന് സമീപത്തെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണ്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. വൈകിട്ട് പിതാവിനെ ഫോൺ വിളിച്ചതായും കൊല്ലത്തുള്ള ഭർത്താവിനടുത്തേക്ക് ഇന്ന് വൈകുന്നേരം പോകുമെന്ന് അറിയിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.