പത്തനംതിട്ട: ഏകമകൻ ലഹരിക്കടിമ. ദമ്പതികൾ സ്വയം തീകൊളുത്തി മരിച്ചു.തിരുവല്ല വേങ്ങലിൽ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണ് മരിച്ചത്. ആത്മഹത്യകുറിപ്പ് പോലീസ് കണ്ടെടുത്തു.
പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കാറിനുള്ളിൽ നിന്നു തന്നെയാണ് തീ പടർന്നതെന്നാണ് പോലീസ് പറയുന്നത്. ആളൊഴിഞ്ഞ പ്രദേശത്തേക്ക് ദമ്പതികൾ എന്തിനെത്തി എന്നതിൽ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. പിന്നീട് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇവർ ജീവനൊടുക്കിയതാവാനാണ് സാധ്യതയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. മകന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ, മദ്യപാന ശീലം, വീട് ജപ്തിയായത് തുടങ്ങിയ പ്രശ്നങ്ങളാണ് ദമ്പതികളെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കളും പറയുന്നു.
ഇന്ന് ഉച്ചയോടെ വേങ്ങലിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് കാറിന് തീപിടിച്ചത് കണ്ടത്. പിന്നാലെ വിവരം ഫയർ ഫോഴ്സിനെ അറിയിച്ചു. ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു. ഈ സമയത്താണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തിയത്. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യ ലൈജിയുമാണെന്ന് തിരിച്ചറിഞ്ഞത്.