തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ. വിൽപ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. നിലവിൽ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയിൽ അഞ്ച് കിലോയാണ് പ്രത്യേക സഞ്ചിയിലാക്കി കെ റൈസായി വിൽക്കുന്നത്. ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക. ബാക്കി അഞ്ച് കിലോ സപ്ളൈകോ വഴി കിട്ടും. സാമ്പത്തിക പ്രതിസന്ധി മൂലം ഏറെനാളായി സപ്ലൈക്കോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ വിൽപ്പന അവതാളത്തിലാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെ റൈസ് വിൽപ്പന സർക്കാർ വേഗത്തിലാക്കിയത്.
പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പാലിച്ചു കൊണ്ട് ഗുണനിലാവരം ഉറപ്പു വരുത്തിയാണ് അരി സംഭരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ആദ്യഘട്ടത്തില്‍ അഞ്ചുകിലോ അരിയുടെ പാക്കറ്റാണ് നല്‍കുക. സപ്ലൈകോയുടെയും ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെയും പ്രമോഷന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തില്‍ ശബരി കെ-റൈസ് ബ്രാന്‍ഡഡ് സഞ്ചിയില്‍ വിതരണം ചെയ്യുന്നത്. 10 ലക്ഷം രൂപയില്‍ താഴെയാണ് തുണി സഞ്ചിക്കുള്ള ചെലവ്. സഞ്ചി ഒന്നിന്റെ വില പരമാവധി 13-14 രൂപയായിരിക്കും. പരസ്യത്തില്‍ നിന്നുള്ള തുകയാണ് ഇതിനായി കണ്ടെത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അതേ അരിയാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് അരി എന്ന പേരില്‍ വിതരണം ചെയ്യുന്നത്. ഭാരത് അരിയുടെ വില 29 രൂപയാണെങ്കിലും നാഫെഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ വാങ്ങുന്നത് 18.59 രൂപയ്ക്കാണ്. 10.41 രൂപ ലാഭത്തിനാണ് ഈ അരി വില്‍ക്കുന്നത്. എന്നാല്‍, 9.50 രൂപ മുതല്‍ 11.11 രൂപ വരെ ബാധ്യത ഏറ്റെടുത്താണ് ശബരി കെ റൈസ് സംസ്ഥാന സര്‍ക്കാര്‍ പൊതുജനത്തിനു നല്‍കുന്നതെന്നും ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചിരുന്നു.