കാലടി: ക്ഷേത്രോത്സവങ്ങൾക്കും മറ്റും ഇനി ആന ഇടയും എന്ന ഭയം വേണ്ട. കൂടാതെ ആന എഴുന്നള്ളിപ്പിന് ഇനി ലക്ഷങ്ങൾ ചിലവും വരില്ല. സഞ്ചരിക്കുന്ന റോബോട്ടിക് ആനയെ നടക്കിരുത്തുകയാണ് കാലടി മറ്റൂർ തൃക്കയിൽ മഹാദേവ കത്തിയമ്പലം ക്ഷേത്രത്തിൽ.ഈ മാസം പതിനേഴാം തീയതി ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ആനയെ നടയിരുത്തും. ആന്ധ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെറ്റ ഇന്ത്യ എന്ന സ്ഥാപനമാണ് ആനയെ നൽകുന്നത്.
ഉത്സവങ്ങൾക്കും മറ്റും ആനയെ എഴുന്നള്ളിക്കുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ഓരോ ക്ഷേത്രങ്ങൾക്കും ചിലവ് വരുന്നത്. മാത്രമല്ല ആന ഇടഞ്ഞ് നിരവധി അപകടങ്ങളും പതിവാണ്. ഇതിനെല്ലാം ഒരു പരിഹാരമാണ് റോബോട്ടിക് ആനയെന്ന് ക്ഷേത്ര കാര്യദർശി കാപ്പിള്ളി ശ്രീകുമാരൻ നമ്പൂതിരി പറഞ്ഞു. 17 ന് രാവിലെ 9 ന് തായമ്പക ഗണപതി ഹോമം പ്രത്യേക പൂജകൾക്ക് ശേഷം 10 നും 11 നും ഇടയിൽ ആന സമർപ്പണവും, മറ്റൂർ വേണു മാരാർ പാർട്ടിയുടെ പഞ്ചവാദ്യവും. തുടർന്ന് നടക്കുന്ന സമർപ്പണ സമ്മേളനത്തിൽ റോജി എം ജോൺ എം എൽ എ മുഖ്യാതിഥിയാകും.
പെറ്റ ഇന്ത്യ പ്രതിനിധി ഖുശബൂ ഗുപ്ത ആമുഖ പ്രഭാഷണം നടത്തും. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് നാമകരണം നടത്തും. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണൻ, ടി ആർ വി നമ്പൂതിരിപ്പാട്, രാധാകൃഷ്ണൻ പുന്നശ്ശേരി, അഡ്വ ഈശാനൻ നബൂതിരിപ്പാട്, രാജൻ പണ്ടാരത്തിൽ എന്നിവർ പങ്കെടുക്കും. തുടർന്ന് തിരുവാതിര കളിയും പ്രസാദ ഊട്ടും.