തൃശൂർ: യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലെ വിവാദ പരാമർശത്തിനെതിരേ കലാമണ്ഡലം സത്യഭാമക്കെതിരേ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കി.
‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല” എന്നായിരുന്നു സത്യഭാമ പറഞ്ഞത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. രാമകൃഷ്ണനു പിന്തുണയുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു.