തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒൻപത് പേര്‍ ഇന്ന് മാത്രം മഴക്കെടുതിയിൽ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു. പാലക്കാട് വീട് ഇടിഞ്ഞുവീണ് കിടപ്പുരോഗിയായ അമ്മയും മകനും മരിച്ചു. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് പേര്‍ മരിച്ചു. തിരുവല്ലയിലും വയനാട്ടിലും ഷോക്കേറ്റ് രണ്ട് പേർ മരിച്ചു.ഇടുക്കി മാങ്കുളത്ത് യുവാവ് പുഴയിൽ വീണ് മരിച്ചു. മാങ്കുളം താളുംകണ്ടംകുടി സ്വദേശി സനീഷ്(23) ആണ് മരിച്ചത്. ആലപ്പുഴയില്‍ മരം വീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ആറാട്ടുവഴി സ്വദേശി ഉനൈസ് (30) ആണ് മരിച്ചത്.
ദുരിതപെയ്തിൽ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എറണാകുളം പള്ളിക്കരയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. ജോമോന്‍റെ വീടാണ് തകർന്നത്. എറണാകുളത്ത് ആകെ 31 വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. വയനാട് കല്‍പ്പറ്റ ബൈപ്പാസിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തിയതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.