
പുത്തൻകുരിശ് : നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ. തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ അജിത്ത് (21) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് സ്വദേശി ക്കാണ് പണവും ഫോണും നഷ്ടമായത്. കക്കാട്ടു പാറ ഷാപ്പിൽ വച്ചാണ് യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ പരിചയപ്പെട്ടത്. ഇരുപ്പച്ചിറ ഷാപ്പിൽ നല്ല കള്ള കിട്ടുമെന്ന് പറഞ്ഞ് അജിത്ത് ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
ഷാപ്പിലെത്തി രണ്ട് പേരും കള്ളുകുടിച്ചു. തുടർന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് നോക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി ഇതര സംസ്ഥാനത്തൊഴിലാളിയുടെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്തെടുത്തു. പിന്നീട് ബൈക്കിൽ കയറ്റി കൊണ്ടുപോയി. ഇടയ്ക്ക് വച്ച് മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് വാഹനം നിർത്തി, മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.
ഡി വൈ എസ് പി വി ടി ഷാജന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ കെ പി ജയപ്രകാശ്, എസ് ഐ മാരായ കെ ജി ബിൻസി, ജി ശശിധരൻ, സി ഓ സജീവ്, എ എസ് ഐ മാരായ കെ കെ സുരേഷ് കുമാർ, മനോജ് കുമാർ, സീനിയർ സി പി ഓ മാരായ പി ആർ അഖിൽ, ആനന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.