പെരുമ്പാവൂർ : ഒക്കൽ ഗണേശോത്സവത്തിന്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗണേശോത്സവം 2025 പുരസ്കാരം കെ.പി മനോജ് കുമാറിനും, ദമ്പതി പുരസ്കാരം പി.എൻ. അശോക് കുമാർ, സുജാത ദമ്പതികൾക്കും, മാധ്യമശ്രേഷ്ഠ പുരസ്കാരം ജന്മഭൂമി കൊച്ചി ബ്യൂറോ ചീഫ് എൻ. പി. സജീവ് എന്നിവർക്കും ഗണേശോത്സവം 2025 പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നു. കുടാതെ സായി കേന്ദ്രം ഡയറക്ടർ ശ്രീനിവാസനെ ചടങ്ങിൽ ആദരിക്കും.
30 ന് വൈകിട്ട് ആറുമണിക്ക് ജയ് ഗണേശ ഭക്ത സംഗമത്തിൽ വച്ച് ദമ്പതി പൂജയിലും, കുടുംബ ഐശ്വര്യ പൂജയിലും, ലക്ഷ്മി വിനായക പൂജയിലും പങ്കെടുക്കുന്ന 2025 ഭക്തർക്ക് അജി കൃഷ്ണൻ ഓണക്കോടി നൽകി ആദരിക്കുന്നു.
31ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വാഹനപൂജ, ദേവി മാഹാത്മ്യ പാരായണം, കുടുംബ ഐശ്വര്യപൂജ, ഉച്ചയ്ക്ക് പ്രസാദ് ഊട്ട് 2.30 ന് നിമഞ്ജന മഹാസമ്മേളനം നടക്കും. ഗുരു ആത്മനമ്പി ഉദ്ഘാടനം ചെയ്യും. ആഘോഷ സമിതി ചെയർമാൻ ടി. എസ്. ബൈജു അധ്യക്ഷത വഹിക്കും. പൗർണമിക്കാവ് മുഖ്യ കാര്യദർശി എം എസ് ഭുവനചന്ദ്രൻ, ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽ, അജീ കൃഷ്ണൻ, കെ കെ കർണ്ണൻ എന്നിവർ പങ്കെടുക്കും. ആഘോഷ സമിതി കൺവീനർ എൻ വി മജേഷ് സ്വാഗതമേകും. ചടങ്ങിൽ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യും.
ആയിരങ്ങൾ പങ്കെടുക്കുന്ന ഈ മഹാ സംഗമത്തിനുശേഷം ഒക്കൽ ശ്രീകൃഷ്ണാ ഭഗവതി ക്ഷേത്രത്തിൽ നിന്നും 208 ഗണേശ വിഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിമഞ്ജന ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കുന്നു. ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെട്ട് താന്നിപ്പുഴ പള്ളിപ്പടി ജംഗ്ഷൻ എത്തിച്ചേർന്ന് ഒക്കൽ ജംഗ്ഷൻ ചേലാമറ്റം ജംഗ്ഷൻ വഴി ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രക്കടവിൽ എത്തി നിമഞ്ജന പൂജയ്ക്കുശേഷം നിമഞ്ജനം നടക്കുന്നതാണ്.



