
പെരുമ്പാവൂർ: പതിനൊന്ന് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നാഗൗൺ സ്വദേശി മുജീബ് റഹ്മാൻ (31) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ മാറമ്പിള്ളിയിൽ മയക്കുമരുന്ന് വിൽപ്പനക്കെത്തിച്ചപ്പോൾ കയ്യോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചെറിയ ഡപ്പികളിലാക്കി അതിഥിത്തൊഴിലാളികളുടെ ഇടയിലായിരുന്നു കച്ചവടം. മുംബെയിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസിനോട് പറഞ്ഞു. ആസാമിലും കേരളത്തിലും കേസുകളിൽ പ്രതിയായ ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐമാരായ റിൻസ്.എം തോമസ്, പി.എം റാസിഖ്, എൽദോ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.