പെരുമ്പാവൂർ: ഒരേ ദിവസം തുടർച്ചയായി മൂന്നു പേരുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയ്ക്ക് ആറ് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും വിധിച്ചു. മഹാരാഷ്ട്ര സ്വദേശി അമുൽ ബാലസാഹേബ് ഷിൻഡേ ( 30 ) നെയാണ് പെരുമ്പാവൂർ ജെ എഫ് സി എം കോടതി മജിസ്ട്രേറ്റ് സ്മിത സൂസൻ മാത്യു തടവും പിഴയും വിധിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ കാലടി പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. കാഞ്ഞൂർ ,ശ്രീമൂലനഗരം, വെള്ളാരപ്പിള്ളി എന്നിവിടങ്ങളിൽ നിന്നാണ് ഒരേ ദിവസം മാലപൊട്ടിച്ചത്. തുടർന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്.
ഇയാൾക്ക് തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. അഡ്വക്കേറ്റ് ജൂണി റോസായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടർ. ഏ.എസ്.ഐ കെ കെ ബിജു കോടതി നടപടികളിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ അസിസ്റ്റന്റായിരുന്നു. എസ്.ഐ മാരായ ടി.ബി ബിബിൻ, ടി.ആർ. പോളി, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്.