പറവൂർ: നിരവധി മോഷണ കേസുകളിൽ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശിനികളെ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടി. തമിഴ്നാട് കോവിൽ സ്ട്രീറ്റ്, മാരിയമ്മൻ, തെന്നപാളയം, തിരുപ്പൂർ ആൻസിയ (43), തെന്നപാളയം തിരുപ്പൂർ സരിത (45) എന്നിവരെയാണ് നോർത്ത് പറവൂർ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ പട്രോളിംഗിനിടെയാണ് ഇവർ പിടിയിലാകുന്നത്. പറവൂർ മുൻസിപ്പാലിറ്റി ജംഗ്ഷനു സമീപമുള്ള ഗവ.ബോയ്സ് സ്കൂൾ പരിസരത്ത് നിന്നാണ് സംശായസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടെത്തിയത്.
വിശദമായ ചോദ്യം ചെയ്യലിൽ ഇവർക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി വെളിവായിട്ടുണ്ട്. ഓരോ സ്ഥലത്തും വ്യത്യസ്ത പേരുകളിലാണ് ഇവർ അറിപ്പെടുന്നത്. ആസ്നിയക്ക് രാസാത്തി, ശാലിനി, ഇന്ദിര എന്നിങ്ങനയും സരിതയ്ക്ക് മുരുകമ്മ, കവിത, നിർമ്മല എന്നിങ്ങനെയും പേരുകളുണ്ട്. പിടികൂടുമ്പോൾ വ്യത്യസ്തങ്ങളായ പേരുകളാണ് ഇവർ പറയുന്നത്.
ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ പ്രശാന്ത് പി നായർ, ടി.എസ് സനീഷ്, എസ്. സി.പി. ഒമാരായ കെ.എ ജസീന, എൻ.വി രാജേഷ്, എം. എസ്. മധു, സിന്റോ ജോയി തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.