
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണം 24. 13 പേർക്ക് പരിക്കേറ്റു. രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ ചർച്ച നടത്തി. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അമിത് ഷാ കശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിലാണ് പ്രധാനമന്ത്രി.
അമിത് ഷാ തന്റെ വസതിയിൽ അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. ആഭ്യന്തര സെക്രട്ടറി, ഐബി മേധാവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായും ലെഫ്റ്റനന്റ് ജനറൽ മനോജ് സിൻഹയുമായും അമിത് ഷാ ഫോണിൽ ബന്ധപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണം നടന്നത്. വിനോദസഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരർ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 20 ഓളം പേർക്ക് പരുക്കേറ്റതായുമാണ് വിവരം. വളരെ അടുത്ത് ചെന്ന് നിന്നാണ് ഭീകരർ വെടിവെച്ചത് എന്നും പട്ടാള വേഷത്തിലാണ് അക്രമികൾ എത്തിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തിന് ശേഷം ഭീകരർ ഓടിരക്ഷപ്പെട്ടു.