പറവൂർ: ബിരുദവിദ്യാർത്ഥിയായ നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മൂർഷിദാബാദ് സ്വദേശി ബിജു മൊല്ലയ്ക്ക് പറവൂർ അഡീഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചപ്പോൾ എറണാകുളം റൂറൽ ജില്ലാ പോലീസിന് അഭിമാന നിമിഷം. പഴുതടച്ച കുറ്റപത്രമാണ് 86 ദിവസത്തിനുള്ളിൽ കോടതിയിൽ സമർപ്പിച്ചത്. നാൽപ്പതോളം സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, കൊലപാതകശ്രമം, ആയുധം ഉപയോഗിച്ച് കവർച്ച, അതിക്രമിച്ചു കയറൽ തുടങ്ങി പ്രോസ്യുക്യൂഷൻ ഉന്നയിച്ച കുറ്റങ്ങളെല്ലാം കോടതി അംഗീകരിച്ചിരുന്നു.
ആദ്യം തടിയിട്ടപറമ്പ് പോലീസാണ് കേസ് അന്വേഷിച്ചത്. തുടർന്ന് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഡി.വൈ.എസ്.പിയായിരുന്ന കെ.എസ്.ഉദയഭാനുവിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ വി.എം നാസർ, ടി.കെ.ജോഷി, എം.ജി.വിൻസൻറ്, സന്തോഷ് ബേബി, സി.പി.അസൈനാർ, അബ്ദുൾ ജലീൽ, സീനിയർ സി.പി.ഒ മാരായ കെ.ബി.പ്രസാദ്, ശരത്കുമാർ, രവിചന്ദ്രൻ, എ.ആർ.ജയൻ (കോടതി ) തുടങ്ങിയവരായിരുന്നു അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.വി ഷാജി ഹാജരായി.
2018 ജൂലൈ 30 ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. തടിയിട്ട പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ അമ്പുനാട് അന്തിനാട് വീട്ടിൽ നിമിഷാ തമ്പിയേയാണ് മോഷണശ്രമത്തിനിടയിൽ ബിജു മൊല്ല (44) കറിക്കത്തികൊണ്ട് കഴുത്തറത്ത് കൊലപ്പെടുത്തിയത്. അടുക്കളയിലായിരുന്ന നിമിഷ വലിയമ്മയുടെ മാലപൊട്ടിക്കുന്നത് കണ്ട് ഓടിവരികയും തടയാൻ ശ്രമിക്കുകയും ആയിരുന്നു. നിമിഷയുടെ കൈവശം ഉണ്ടായിരുന്ന കറിക്കത്തി ബിജു മൊല്ല ബലമായി പിടിച്ചു വാങ്ങി കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നിമിഷയുടെ ബന്ധുവായ ഏല്യാസിനെയും പ്രതി ആക്രമിച്ചു. ഏല്യാസിന് ശരീരത്തിന്‍റെ പല ഭാഗങ്ങളിലും കുത്തേറ്റു. തുടർന്ന് രക്ഷപ്പെട്ട പ്രതിയെ അരക്കിലോ മീറ്റർ അപ്പുറമുള്ള പണി നടക്കുന്ന വില്ലയിൽ നിന്ന് പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.
തടിയിട്ടപറമ്പ് എസ് എച്ച് ഒ ആയിരുന്ന പി.എം.ഷമീർ ആണ് പ്രാഥമിക അന്വേഷണം നടത്തിയത്. മാറമ്പിള്ളി എം.ഇ.എസ് കോളേജ് വിദ്യാർത്ഥിനിയായിരുന്നു നിമിഷ തമ്പി.