
വത്തിക്കാൻ: പുതിയ മാർപാപ്പയുടെ ആശിർവാദം കിട്ടിയതിന്റെ സന്തോഷത്തിലാണ് അന്ന മരിയ. പോപ്പ് ആശിർവാദിക്കുന്ന ആദ്യ മലയാളി കുട്ടിയാണ് അന്ന മരിയ. കാഞ്ഞൂർ പുതുശ്ശേരി ആൽബിൻ – ആശാ ദമ്പതികളുടെ ഇളയ മകളാണ് അന്ന.
കഴിഞ്ഞ ദിവസമാണ് പോപ്പ് അന്നാ മരിയയെ തലയിൽ കൈവച്ച് ആശിർവദിച്ചത്. ജർമ്മനിയിലാണ് ആൽബിനും ആശയും ജോലിചെയ്യുന്നത്. കുടുംബവുമായി റോം സന്ദർശിക്കാൻ എത്തിയതാണ്. സെൻറ് പോൾ ബസലിക്ക സന്ദർശിക്കാൻ എത്തിയപ്പോഴാണ് പോപ്പ് അവിടെ വരുന്ന കാര്യം ദമ്പതികൾ അറിയുന്നത്. ഒരു മലയാളി വൈദീകന്റെ സഹായത്തോടെ ഇവർക്ക് പള്ളിക്കകത്ത് കയറാൻ കഴിഞ്ഞു. പോപ്പ് കടന്ന് പോകുന്ന വഴിക്ക് സമീപം തന്നെ ഇവർക്ക് ഇരിപ്പിടവും ലഭിച്ചു.
പോപ്പ് പള്ളിക്കകത്ത് കയറുന്ന സമയത്ത് കുട്ടി പാപ്പാ… പാപ്പാ… എന്ന് വിളിച്ചു. തുടർന്നാണ് പോപ്പ് അടുത്തെത്തി അന്നയുടെ തലയിൽ കൈവച്ച് ആശിർവദിച്ചത്. പോപ്പിന്റെ ആശിർവാദം കിട്ടിയതോടെ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തിലാണ് ഈ കുടുംബം. ആദ്യമായാണ് ഇവർ റോമിൽ എത്തുന്നത്.