നെടുമ്പാശ്ശേരി : ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിലായി കൊച്ചി വിമാനത്താവള കമ്പനി (സിയാൽ) പുതിയ പാലങ്ങൾ നിർമിക്കുന്നു. ചെങ്ങമനാട് പഞ്ചായത്തിലെ നെടുവന്നൂർ-ചൊവ്വര, മഠത്തിമൂല എന്നിവിടങ്ങളിലെ നിലവിലെ കലുങ്കുകൾക്കുപകരം വീതികൂടിയ പുതിയ പാലങ്ങളും കാഞ്ഞൂർ പഞ്ചായത്തിലെ തുറവുങ്കരയെയും കാലടി പഞ്ചായത്തിലെ പിരാരൂരിനെയും ബന്ധിപ്പിക്കുന്ന ചപ്പാത്തിനുപകരം പുളിയാമ്പിള്ളി പാലവുമാണ് നിർമിക്കുന്നത്. പാലങ്ങൾ നിർമിക്കുന്നതിനായി സിയാൽ ഡയറക്ടർ ബോർഡ് തീരുമാനമെടുത്ത് അറിയിച്ചിട്ടുണ്ടെന്ന് എം.എൽ.എ.മാരായ അൻവർ സാദത്തും റോജി എം. ജോണും അറിയിച്ചു.
പുതിയ പാലങ്ങൾ നിർമിക്കണമെന്ന് മുഖ്യമന്ത്രിയെയും സിയാൽ അധികൃതരെയും നിരന്തരം ബന്ധപ്പെട്ട് എം.എൽ.എ.മാർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. 2018-ലെ വെള്ളപ്പൊക്കത്തിൽ ചെങ്ങമനാട് പഞ്ചായത്തിൽ നെടുവന്നൂർ, ചൊവ്വര, മഠത്തിമൂല എന്നിവിടങ്ങളിൽ പൈപ്പിട്ട കലുങ്കുകളായിരുന്നതുമൂലവും കാഞ്ഞൂർ പഞ്ചായത്തിലെ തുറവുങ്കരയും ചെങ്ങൽ തോടിന്റെ മറുകര കാലടി പഞ്ചായത്തിലെ പിരാരൂരുമായും ബന്ധിപ്പിച്ച് ചപ്പാത്തായിരുന്നതുമൂലവും ശരിയായ നീരൊഴുക്കില്ലാതെ എയർപോർട്ടിലും സമീപപ്രദേശങ്ങളിലും വെള്ളം ഉയർന്ന് കനത്ത നാശനഷ്ടമുണ്ടായിരുന്നു. തുടർന്ന് എം.എൽ.എ. മാരായ അൻവർ സാദത്തും റോജി എം. ജോണും അന്നത്തെ മറ്റു ജനപ്രതിനിധികളും സിയാൽ അധികൃതരുമായി നടത്തിയ ചർച്ചയിൽ ഈ കലുങ്കുകൾക്കും ചപ്പാത്തിനുംപകരം റോഡിന് വീതികൂട്ടി പുതിയ പാലങ്ങൾ നിർമിച്ച് നൽകണമെന്നാവശ്യപ്പട്ടിരുന്നു.
ഈ ആവശ്യം പരിഗണിക്കാമെന്ന് സിയാൽ അധികൃതർ ഉറപ്പുനൽകുകയും ചെയ്തു. കൂടാതെ അന്ന് ഉറപ്പു നൽകിയ പ്രകാരം സിയാൽ രണ്ടുപാലങ്ങൾ നിലവിൽ നിർമിച്ചു നൽകുകയും ചെയ്തു. പുതിയ പാലങ്ങൾക്ക് അനുമതി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, ഡയറക്ടർ ബോർഡ് അംഗങ്ങളും മന്ത്രിമാരുമായ പി. രാജീവ്, കെ. രാജൻ, സിയാൽ എം.ഡി. എസ്. സുഹാസ്, മറ്റു ബോർഡ് അംഗങ്ങൾ എന്നിവർക്ക് അൻവർ സാദത്ത് നന്ദി അറിയിച്ചു. നിലവിൽ അപകടാവസ്ഥയിലായ നെടുവന്നൂർ-ചൊവ്വര പാലവും മറ്റു രണ്ടുപാലങ്ങളും നിർമിക്കണമെന്ന പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യവും സ്വപ്നവുമാണ് പുതിയ പാലങ്ങൾ നിർമിക്കുന്നതിലൂടെ പൂർത്തീകരിക്കുന്നതെന്നും എം.എൽ.എ. പറഞ്ഞു.