ന്യൂഡൽഹി: വിവാദങ്ങൾക്കിടെ പുതുക്കിയ നീറ്റ് റാങ്ക് ലിസ്റ്റ് പുറത്തു വിട്ട് നാഷണൽ ടെസ്റ്റിങ് ഏജൻസി. മേയ് 5നു നടന്ന പരീക്ഷയിൽ സമയനഷ്ടത്തിന്‍റെ പേരിൽ 5 മാർക്ക് ഗ്രേസ് മാർക്ക് നൽകിയിരുന്ന പരീക്ഷാർഥികൾക്ക് വീണ്ടും പരീക്ഷ നടത്തിയതിനു ശേഷമാണ് റിസൾട്ട് പുറത്തു വിട്ടത്.
സുപ്രീം കോടതി നിർദേശത്തെത്തുടർന്ന് ജൂൺ 23ന് 7 സെന്‍ററുകളിലായാണ് പരീക്ഷ നടത്തിയത്. 1563 പരീക്ഷാർഥികളിൽ 813 പേർ മാത്രമാണ് രണ്ടാമത് നടത്തിയ പരീക്ഷ എഴുതിയത്.
മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ നീറ്റ് ഫലങ്ങളില്‍ വന്‍അട്ടിമറി നടന്നതായി ആരോപണം ഉയർന്നിരുന്നു. 67 പേര്‍ക്ക് കൂട്ടത്തോടെ ഒന്നാം റാങ്ക് നല്‍കിയതും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഇല്ലാത്ത ഗ്രേസ് മാര്‍ക്ക് നല്‍കിയതുമാണ് വിവാദമായത്.
2016 ല്‍ ആരംഭിച്ച നീറ്റിന്‍റെ ചരിത്രത്തില്‍ ഇതുവരെ ഓരോ വര്‍ഷവും 720ല്‍ 720 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമായിരുന്നു. എന്നാല്‍ ഇക്കുറി 67 പേര്‍ക്ക് കൂട്ടത്തോടെ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. ചോദ്യപേപ്പർ ചോർന്നതായും ആരോപണമുയർന്നിരുന്നു.