നെടുമ്പാശേരി: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശേരി അകപ്പറമ്പ് കിഴക്കേടത്ത് വീട്ടിൽ ലാൽകൃഷ്ണ (ലാലപ്പൻ 37) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ക്ലീനിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നെടുമ്പാശ്ശേരി, ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, ആയുധ നിയമം, അടിപിടി, ഭീഷണിപ്പെടുത്തി കവർച്ചാ ശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
2019 ൽ അത്താണിയിൽ ബിനോയിയെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായിരുന്ന ഇയാൾക്ക് ഈ കേസിലെ ജാമ്യ വ്യവസ്ഥ അനുസരിച്ച് ജില്ലയിൽ പ്രവേശിക്കുവാൻ അനുമതിയില്ലാത്തതാണ്. കഴിഞ്ഞ നവംബറിൽ നായത്തോട് പ്രവർത്തിക്കുന്ന ഒരു അപ്പാർട്ട്മെൻറിലെ ജീവനക്കാരനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ അപഹരിക്കുവാൻ ശ്രമിച്ചതിന് നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. 2022 ലും സമാനമായ കേസിൽ പ്രതിയായതിനെ തുടർന്ന് 6 മാസത്തേക്ക് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു.
നെടുമ്പാശ്ശേരി പോലീസ് ഇൻപെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ എൽദോ പോൾ, അസി. സബ്ബ് ഇൻപെക്ടർമാരായ റോണി അഗസ്റ്റിൻ, എം.സി.പ്രസാദ്, സിവിൽപോലീസ് ഓഫീസർമാരായ ദീപക് കുഞ്ഞപ്പൻ, ഗായോസ് പീറ്റർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ വൈക്കത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.