നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ മൂന്നുപേർ പിടിയിൽ. പാലക്കാട് മണ്ണാർകാട് കൈതച്ചിറ വെള്ളാപ്പൈലി വീട്ടിൽ മുഹമ്മദ് ഇർഷാദ് (ഫ്രെഡി 20), മലപ്പുറം പൊന്നാനി പുതുപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫാസിൽ (പാച്ചു 22 ), ആലുവ ചൂർണ്ണിക്കര പുളിഞ്ചോട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തോപ്പുംപടി വാലുമ്മൽ ചിറ കോളനി അരിക്കപ്പറമ്പിൽ വീട്ടിൽ മൻസൂർ (24) എന്നിവരെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്.
സ്വവർഗാനുരാഗികളുടെ ഡേറ്റിംഗ് ആപ്പുവഴിയാണ് യുവാവ് പ്രതികളെ പരിചയപ്പെട്ടത്. ഏലൂക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി ഗൂഗിൾ പേ വഴി 13000 രൂപ ഇവരുടെ അക്കൗണ്ടിലേയ്ക്ക് നിക്ഷേപിപ്പിച്ചു. കഴുത്തിൽ ക്കിടന്ന രണ്ടു പവന്‍റെ മാലയും പൊട്ടിച്ചെടുത്തു. പ്രതികൾക്ക് മങ്കാട്, പെരുമ്പടപ്പ്, തൃശൂർ ഈസ്റ്റ്, പൊന്നാനി, ചങ്ങരമംഗലം, പാലാരിവട്ടം, മരട്, ഇളമക്കര, മട്ടാഞ്ചേരി, ആലുവ, കോഴിക്കോട് റയിൽവേ തുടങ്ങിയ സ്റ്റേഷനുകളിൽ കേസുകളുണ്ട്.
ഇൻസ്പെക്ടർ വി.ആർ.സുനിൽ, എസ്.ഐ വി.കെ.പ്രദീപ് കുമാർ, എ.എസ്.ഐ അബ്ദുൾ റഷീദ്, എസ്.സി.പി.ഒമാരായ ടി.എ.രജീഷ്, ജി.അജയകുമാർ, ഇ.കെ.നസീബ്, ഇ.എസ്.സിദ്ധിക്ക്, സി.പി. ഒമാരായ ജിഞ്ചു മത്തായി, ആർ.രതീഷ്കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.