നെടുമ്പാശേരി:നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി വിജയം.എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എൻ.എസ്. അർച്ചന 98 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സ്വാതി ശിവനേയും എൻ.ഡി.എ സ്ഥാനാർത്ഥിയായി നീതു ജയേഷിനേയുമാണ് അർച്ചന തോൽപ്പിച്ചത്.അർച്ചനയുടെ വിജയത്തോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും.
പോൾ ചെയ്ത വോട്ട് – 859
എൽഡിഎഫ് – 395
യുഡിഎഫ് – 297
എൻഡിഎ – 167
പഞ്ചായത്തിലെ 14ാം വാർഡ് അത്താണി കൽപ്പക നഗറിൽ വ്യാഴാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ ആകെയുള്ള 1094 വോട്ടർമാരിൽ 859 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 436 സ്ത്രീകളും, 423 പുരുഷൻമാരുമാണ് വോട്ട് ചെയ്തത്. നെടുമ്പാശ്ശേരി എം.എ.എച്ച്.എസ്. സ്കൂൾ, തുരുത്തിശ്ശേരി എൻ.എസ്.എസ് ഹാൾ എന്നീ ബൂത്തുകളിലായിരുന്നു വോട്ടെടുപ്പ്.കഴിഞ്ഞ തവണ വാർഡിൽ നിന്ന് കോൺഗ്രസിലെ സന്ധ്യ നാരായണപിള്ളയാണ് 87 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. 19 അംഗങ്ങളുള്ള പഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും ഒമ്പത് സീറ്റുകൾ വീതമാണ് ലഭിച്ചത്. മുന്നണി ഭരണം പ്രതിസന്ധിയിലായതോടെ സ്വതന്ത്രനായി വിജയിച്ച കോൺഗ്രസ് വിമതന് പ്രസിഡന്‍റ് സ്ഥാനം നൽകിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്.സന്ധ്യ നാരായണപിള്ളയായിരുന്നു വൈസ് പ്രസിഡൻറ്. അതിനിടെ രണ്ടര വർഷത്തിന് ശേഷം വൈസ് പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതിനിടെ നേതൃത്വവുമായി കലഹിച്ച സന്ധ്യ വൈസ് പ്രസിഡന്റ് സ്ഥാനത്തോടൊപ്പം പഞ്ചായത്തംഗത്വം കൂടി രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അർച്ചന വിജയിച്ചതോടെ യുഡിഎഫി ന് ഭൂരിപക്ഷം നഷ്ടമായി.രണ്ട് മാസം മുൻപ് നറുക്കെടുപ്പിലൂടെ എൽഡിഎഫിലെ ഓമന ഭരതൻ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.